സംഘടനാ ദൗർബല്യവും സിപിഐയിലെ വിഭാഗീയതയും തിരിച്ചടിയുണ്ടാക്കി; സിപിഎം പ്രവർത്തന റിപ്പോർട്ട്

Jaihind Webdesk
Friday, December 31, 2021

കൊല്ലം : സംഘടനാ ദൗർബല്യവും സിപിഐയിലെ വിഭാഗീയതയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ തിരിച്ചടിക്ക് ഇടയാക്കിയതായി സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്ത റിപ്പോർട്ട്. കനത്ത വിഭാഗീയതയും ചേരിതിരിവും മത്സരങ്ങളും കയ്യാങ്കളിയുമൊക്കെ അരങ്ങേറിയ പ്രദേശിക സമ്മേളനങ്ങൾക്കു ശേഷം
സിപിഎം കൊല്ലം ജില്ലാ സമ്മേളനം ഇന്ന് കൊട്ടാരക്കരയില്‍ ആരംഭിച്ചു.

ജില്ലയിൽ പാർട്ടിയുടെ സ്വാധീന മേഖലകളിൽ വരെ വോട്ടുചോർച്ചയുണ്ടാകുന്ന തരത്തിലുള്ള സംഘടനാ ദൗർബല്യം നിലനിൽക്കുന്നതായി ജില്ലാ സെക്രട്ടറി എസ് സുദേവൻ സമ്മേളനത്തിലവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിപിഐയിലെ വിഭാഗീയത ഇടതുമുന്നണിയുടെ വോട്ട് ചോർച്ചയ്ക്ക് പ്രധാന കാരണമായതായി ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്. കൊല്ലത്ത് എം മുകേഷിന്‍റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പാർട്ടി ഘടകങ്ങളിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. കരുനാഗപ്പള്ളിയിൽ കോൺഗ്രസ് വിജയം നേടിയത് പാർട്ടിക്ക് അപമാനമായെന്നും കൊട്ടാരക്കരയിൽ പാർട്ടിയുടെ പരമ്പരാഗത വോട്ടുകളിൽ വിള്ളലുണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കുണ്ടറയിലെയും കരുനാഗപ്പള്ളിയിലേയും തോൽവിയുടെ വിലയിരുത്തലും അതിന്‍റെ പേരിൽ സ്വീകരിച്ച അച്ചടക്ക നടപടിയെ കുറിച്ചും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

ജില്ലയിലെ പ്രാദേശിക സമ്മേളനങ്ങളിൽ ഉയർന്ന വിഭാഗീയതയും ചേരിതിരിവും കൊട്ടാരക്കരയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലും അലയടിക്കുമെന്നുറപ്പാണ്. ജില്ലാ നേതൃത്വത്തിനെതിരെ പാർട്ടിയുടെ മുൻ ഓഫീസ്‌ സെക്രട്ടറി സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന വിവാദ കത്തും സമ്മേളനത്തിൽ ചൂടേറിയ ചർച്ചയ്ക്ക് കളമൊരുക്കും. കെ റെയിൽ പ്രക്ഷോഭം ഏറെ ശക്തമായിരുന്ന കൊല്ലത്ത് ജില്ലാ സമ്മേളനത്തിൽ ചർച്ചയ്ക്ക് ഇതും വഴിതെളിക്കും. സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. 42 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 242 പ്രതി നിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംഘടനാ റിപ്പോർട്ടിനെ കുറിച്ചുള്ള ചൂടേറിയ ചർച്ച പുരോഗമിക്കുകയാണ്.