നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രക്ഷുബ്ധമായി സഭ; പോലീസ് ചെയ്യുന്നത് ആരാച്ചാരുടെ പണിയെന്ന് പ്രതിപക്ഷം

Jaihind Webdesk
Monday, July 1, 2019

Ramesh-Chennithala

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പ്രക്ഷുബ്ധമായി നിയമസഭ. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. ജില്ലാ പോലീസ് മേധാവിക്കെതിരെയും അന്വേഷണം വേണമെന്നും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. ജുഡീഷ്യൽ അന്വേഷണത്തിന് കാലതാമസമുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വിചിത്ര വാദത്തെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി.

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നാട്ടുകാർക്കെതിരെ കേസെടുത്ത വിഷയമാണ് അടിയന്തര പ്രമേയമായി പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. എന്നാൽ ഒരേ വിഷയം തന്നെ അവതരിപ്പിക്കാൻ സാധിക്കില്ലെന്നും സംഭവത്തിലെ പുതിയ കാര്യങ്ങളിൽ മാത്രം ഒതുങ്ങി നിന്ന് സംസാരിക്കണമെന്നും സ്പീക്കർ സഭയിൽ പറഞ്ഞു. എന്നാൽ കേരളാ പോലീസിന് വേണ്ടി നിയമസഭയിൽ കുറ്റസമ്മതം നടത്തുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജയിലിൽ എത്തുമ്പോൾ തന്നെ രാജ്‌കുമാറിന് മർദ്ദനമേറ്റിരുന്നു. അവശനിലയിലായതിനെ തുടർന്നാണ് പീരുമേട് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ രോഗാവസ്ഥ പരിഗണിച്ച് എന്തുകൊണ്ട് രാജ്കുമാറിനെ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യാൻ ഉദ്യോഗസ്ഥർ തയാറായില്ലെന്നും മുഖ്യമന്ത്രി സഭയിലുന്നയിച്ചു.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നാട്ടുകാർക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തിന് പിന്നിൽ ദുരൂഹഉദ്ദേശങ്ങളുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു. കേട്ടുകേൾവി ഇല്ലാത്ത മൂന്നാം മുറയാണ് പോലീസിന്‍റേത്. നിയമം നിർവഹിക്കേണ്ട പോലീസ് ആരാച്ചാരുടെ പണിയാണ് ചെയ്യുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

കുറ്റക്കാരായ ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകി. എന്നാൽ വരാപ്പുഴ കസ്റ്റഡി മരണത്തിൽ കുറ്റക്കാരായ പോലീസുകാർ ഇപ്പോഴും സർവീസിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓർമപ്പെടുത്തി. മുഖ്യമന്ത്രിയുടെ വാക്കിന് കീറച്ചാക്കിന്‍റെയെങ്കിലും വിലയുണ്ടോയെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാൽ ജുഡീഷ്യൽ അന്വേഷണത്തിൽ കാലതാമസമുണ്ടാകുമെന്ന വിചിത്ര വാദമാണ് മുഖ്യമന്ത്രി നടത്തിയത്.  ഇടുക്കി ജില്ലാ പോലീസ് മേധാവിക്കെതിരെ രാഷ്ട്രീയ ഭേദമന്യെ ഗുരുതരമായ ആരോപണങ്ങൾ നിലവിലുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
ജുഡീഷ്യൽ അന്വേഷണത്തിന് തയാറല്ലായെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി.