‘അഹങ്കാരം തലയ്ക്ക് പിടിച്ച സർക്കാരിന് ജനങ്ങളോട് പുച്ഛം’: ഇന്ധന സെസില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം; സഭ പിരിഞ്ഞു

Jaihind Webdesk
Thursday, February 9, 2023

 

 

തിരുവനന്തപുരം: സർക്കാരിന്‍റെ നികുതി കൊള്ളക്കെതിരെ സമരം ശക്തമാക്കി യുഡിഎഫ്. ഇന്ധനസെസ് ഏർപ്പെടുത്തിയതിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ സ്തംഭിച്ചു. സർക്കാരിന്‍റെ നികുതി ഭീകരതക്കെതിരെ പ്രതിപക്ഷം നാടുതളത്തിലിറങ്ങി പ്രതിഷേധിച്ചു. ചർച്ചകളില്ലാതെ ഉപധനാഭ്യർത്ഥനകൾ പാസാക്കി സഭാസമ്മേളനം ഈ മാസം 27 വരെ പിരിഞ്ഞു .

രാവിലെ നികുതി വർധനയിൽ പ്രതിഷേധിച്ച് എംഎൽഎ ഹോസ്റ്റലിൽ നിന്ന് കാൽനടയായാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലേക്കെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതിഷേധത്തിന് നേതൃത്വം നൽകി. കേരളത്തിന്‍റെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിലുള്ള നികുതി വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. നിയമസഭയിലേക്കെത്തിയ പ്രതിപക്ഷ അംഗങ്ങൾ നടത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചോദ്യോത്തര വേളയിൽ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം കടുത്തതോടെ ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തു. തുടർന്ന് നിയമസഭാ സമ്മേളനം ഇടക്കാലത്തേക്ക് പിരിഞ്ഞു. സഭ പിരിയുന്ന സാഹചര്യത്തില്‍ ഇന്ധന സെസിനെതിരെ യുഡിഎഫ് എംഎല്‍എമാർ സഭാ കവാടത്തില്‍ നടത്തിവന്ന സത്യഗ്രഹ സമരവും അവസാനിപ്പിച്ചു.

ജനം കടുത്ത ദുരിതത്തിലായിരിക്കുമ്പോള്‍ 4,000 കോടിയുടെ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സർക്കാർ നിലപാട് വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. അഹങ്കാരം തലയ്ക്ക് പിടിച്ച സർക്കാരിന് ജനങ്ങളോട് പുച്ഛമാണ്. ധാർമ്മിക ഉത്തരവാദിത്തം നിറവേറ്റുന്ന പ്രതിപക്ഷത്തെ പരിഹസിക്കുകയാണ്. തുടർഭരണം കിട്ടിയ അഹങ്കാരത്തില്‍ ജനങ്ങളെ മറന്നാണ് സർക്കാരിന്‍റെ പോക്ക്. കേന്ദ്രം ഇന്ധനനികുതി കൂട്ടിയപ്പോൾ നികുതി കൊടുക്കാതെ പ്രതിഷേധിക്കാൻ പറഞ്ഞയാളാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സഭാ സമ്മേളനം അവസാനിക്കുന്നതോടെ ശക്തമായ പ്രതിഷേധ പരിപാടികൾ ജില്ലാ തലത്തിൽ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.