സംസ്ഥാനത്തെ ലഹരി വ്യാപനം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാർ

Jaihind Webdesk
Wednesday, August 31, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് കുത്തനെ വര്‍ധിക്കുന്ന ലഹരി ഉപയോഗം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഇക്കാര്യം സമ്മതിച്ച മുഖ്യമന്ത്രി വിഷയത്തെ ഗൌരവത്തോടെയാണ് കാണുന്നതെന്ന് സഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ അന്താരാഷ്ട്ര ലഹരി സംഘങ്ങളുടെ ഇടത്താവളമാക്കി മാറ്റരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലഹരി വേട്ട കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ലഹരി വ്യാപനം നിയമസഭയിൽ ഉന്നയിച്ച് പി.സി വിഷ്ണുനാഥാണ് നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇക്കഴിഞ്ഞ 8 മാസം കൊണ്ട് 120% വർധനവാണുണ്ടായതെന്നും പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവുമധികം മയക്കുമരുന്ന് ബാധിത പ്രദേശം കേരളമാണെന്ന നിലയിലേക്ക് എത്തിയെന്ന് വിഷ്ണുനാഥ് ആരോപിച്ചു.

സംസ്ഥാനത്ത് ലഹരി ഉപയോഗം, വ്യാപാരം എന്നിവ സമൂഹത്തിന് ഭീഷണിയാകുന്ന നിലയിലേക്ക് വ‍ര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും. 2022 ൽ മാത്രം 16,228 കേസുകളാണ് രജിസ്റ്റ‍ര്‍ ചെയ്തത്. സ്ഥിരം ലഹരിക്കേസിൽ പെടുന്നവരെ കരുതൽ തടങ്കലിലാക്കും. പൊലീസും എക്സൈസും ഒരുമിച്ചുള്ള നടപടികൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. കേസിൽ ഉൾപ്പെടുന്നവരെ നിരന്തരം നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലഹരിയുമായി ബന്ധപ്പെട്ട് 2020ല്‍ 4,650 ഉം 2021 ല്‍ 5,334 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022 ല്‍ ആഗസ്റ്റ് 29 വരെയുള്ള കണക്കുപ്രകാരം 16,128 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020 ല്‍ 5,674 പേരെയും 2021 ല്‍ 6,704 പേരെയും അറസ്റ്റ് ചെയ്തിരുന്നു. 2022 ല്‍ 17,834 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വ്യാപാരാവശ്യത്തിനായി എത്തിച്ച 1,340 കിലോഗ്രാം കഞ്ചാവും 6.7 കിലോഗ്രാം എം.ഡി.എം.എയും 23.4 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വര്‍ഷം പിടിച്ചെടുത്തു.

മുഖം നോക്കാതെ വിട്ടുവീഴ്ചയില്ലാത്ത കർക്കശ നടപടികൾ വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ലഹരി കടത്തിന് പിടിയിലായ യുവാക്കളുടെ എണ്ണം വർധിക്കുന്നു. കുറ്റവാളികളെ സംബന്ധിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഡാറ്റാ ബാങ്ക് തയാറാക്കണം. കോടിക്കണക്കിന്ന് രൂപയുടെ ബിസിനസ് ആണ്. ഉറവിടം കണ്ടെത്താൻ നമുക്ക് കഴിയുന്നില്ല. പിടിക്കുന്നത് ചെറിയ ക്യാരിയേഴ്സിനെ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ലഹരി ഉപയോഗം അവസാനിപ്പിക്കുന്നതിനുള്ള സർക്കാർ നടപടികൾക്ക് പ്രതിപക്ഷത്തിന്‍റെ പൂർണ്ണ പിന്തുണയും അദ്ദേഹം അറിയിച്ചു. വിഷയം സഭയില്‍ ഉന്നയിച്ച പി.സി വിഷ്ണുനാഥിനെ അഭിനന്ദിച്ച സ്പീക്കർ ലഹരിക്കെതിരെ ഒറ്റക്കെട്ടായി യുദ്ധസന്നാഹത്തിന് ഒരുങ്ങുന്നു എന്ന സന്ദേശമാണിതെന്നും പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭ വിട്ടിറങ്ങിയില്ല.