കത്ത് നിയമനം; തിരുവനന്തപുരം നഗരസഭയില്‍‌ പ്രതിപക്ഷ പ്രതിഷേധം; ഗോബാക്ക് വിളികള്‍

Jaihind Webdesk
Friday, December 16, 2022

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍‌ പ്രതിപക്ഷ പ്രതിഷേധം. യുഡിഎഫ് ബിജെപി കൗൺസിലർമാർ നഗരസഭ യോഗത്തിൽ പ്രതിഷേധമുയർത്തിയത്. നിയമന കത്ത് വിവാദത്തിൽ ആരോപണ വിധേയയായ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പ്രതിഷേധം ഉയർത്തുന്നത്.   നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയര്‍ ഡയസിലെത്തി. പൊലീസും എല്‍ഡിഎഫ് വനിതാ കൌണ്‍സിലര്‍മാരും ചേര്‍ന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു. ‘ബിജെപിയുടെ 8 വനിതാ കൗൺസിലർമാരേ മേയർ സസ്പെന്റ് ചെയ്തു.

നഗരസഭാ കൗൺസിൽ യോഗത്തിന് തൊട്ടുമുൻപ്കൗൺസിൽ ഹാളിന്റെ കവാടത്തിൽ യുഡിഎഫ് പ്രവർത്തകർ ഉപരോധം സൃഷ്ടിച്ചു കൊണ്ടാണ് പ്രതിഷേധമാരംഭിച്ചത്.വനിതകൾ ഉൾപ്പെടെയുള്ള യുഡിഎഫ് കൗൺസിലർമാരെ പോലീസ് ബലം പ്രയോഗിച്ച നീക്കം ചെയ്തു. ഇതിനുശേഷം ഇവരെ കൗൺസിൽ ഹാളിൽ പ്രവേശിപ്പിക്കാതെ നേരെ തടഞ്ഞുവെച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.  ശേഷം കൗൺസിൽ ഹാളിൽ എത്തിയ യുഡിഎഫ് കൗൺസിലർമാരും ബിജെപി കൗൺസിലർമാരും ഹാളിനുള്ളിൽ ശക്തമായ പ്രതിഷേധം ആരംഭിച്ചു.

മേയറെ ഡയസിലേക്ക് പ്രവേശിപ്പിക്കാതെ പ്രതിപക്ഷ വനിതാ കൗൺസിലർമാർ ഡയസിനു ചുറ്റും കിടന്നു പ്രതിഷേധിച്ചു. ഇവരുടെ മുകളിലൂടെ പോലിസിന്റെയും ഇടതു വനിതാ കൗൺസിലർമാരുടെയും സഹായത്തോടെയാണ് മേയർ ഡയസിലെത്തിയത്. ഇതോടെ കൗൺസിൽ ഹാളിൽ പ്രതിഷേധം ശക്തമായി.പ്ളക്കാർഡുകളും ബാനർകളുമായി പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷ കൗൺസിലർ മാരെ പോലീസ് സഹായത്തോടെ ഇടതു കൗൺസിലർമാർ പലകുറി നേരിട്ടത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.

ഇതിനിടയിൽ ഡയസിനു മുന്നിൽ പ്രതിഷേധിച്ച 8 വനിതാ ബിജെപി കൗൺസിലർമാരെ മേയർ സസ്പെൻഡ് ചെയ്തു. ഇതോടെ പ്രതിഷേധം ഏറെ ശക്തമായി.  കൗൺസിൽ നടപടികൾ മേയർ ആരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തിൽ തടസപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ മേയർ കൗൺസിൽ നിർത്തിവച്ചു

മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാകുമെന്ന് യുഡിഎഫും ബിജെപിയും വ്യക്തമാക്കി