‘കെ.എം ഷാജിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം; പിണറായി പിന്തുടരുന്നത് മോദിയുടെ പാത’: രമേശ് ചെന്നിത്തല | Video

Jaihind News Bureau
Friday, April 17, 2020

തിരുവനന്തപുരം: കെ.എം ഷാജിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിനെ യു.ഡി.എഫ് നിയമപരമായും രാഷ്ട്രീയപരമായും നേരിടും. മൂന്ന് വർഷം മുമ്പ് ആരോ കൊടുത്ത പരാതിയിൽ ഇപ്പോഴാണ് കേസെടുക്കുന്നത്. ഇതില്‍നിന്നുതന്നെ കേരളത്തിലെ ജനങ്ങൾക്ക് വസ്തുതകൾ ബോധ്യമാകും. എതിർ ശബ്ദമുയർത്തുന്നവരെ നിശബ്ദമാക്കുന്ന മോദിയുടെ പാതയാണ് പിണറായിയും സ്വീകരിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സ്പ്രിങ്ക്ളര്‍ ഡാറ്റാ കൈമാറ്റ കരാര്‍ വലിയ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ജനങ്ങളുടെ ജീവനും ജീവിതവുമായി ബന്ധപ്പെട്ടതാണിത്. ഓരോ ദിവസവും കരാറിലെ ദുരൂഹതകള്‍ സംബന്ധിച്ച് കൂടുതൽ രേഖകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തട്ടിക്കൂട്ട് പർച്ചേസ് എഗ്രിമെന്‍റുണ്ടാക്കി ജനങ്ങളെ കബളിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്.

കരാര്‍ സംബന്ധിച്ച കാര്യങ്ങളെല്ലാം താന്‍ വ്യക്തമായി മനസിലാക്കിയതിന്‍റെ പ്രയാസമാണ് മുഖ്യമന്ത്രിക്കെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.