പ്രളയഫണ്ട് തിരിമറിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭവിട്ടു

Jaihind News Bureau
Wednesday, March 11, 2020

തിരുവനന്തപുരം : സി.പി.എം പ്രവർത്തകൾ പ്രതികളായ പ്രളയ ഫണ്ട്  തിരിമറിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം.  പ്രളയദുരിതാശ്വസത്തെ ചിലർ ചാകരയാക്കി മാറ്റിയിരിക്കുന്നുവെന്ന്  പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സാങ്കേതിക കാരണങ്ങളെ പഴിചാരി  ദുരിതാശ്വാസ മുഴുവൻ തുകയും  നൽകാൻ സാധിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി സമ്മതിച്ചു. എൻ ഷംസുദ്ദീൻ എം.എല്‍.എയുടെ പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

പ്രളയ ദുരിതബാധിതർക്ക്  സർക്കാർ സഹായം ലഭ്യമാക്കാത്തതും വയനാട് മേപ്പാടിയിലെ സനിലിന്‍റെ ആത്മഹത്യയും സി.പി.എം നേതാക്കൾ ഇടനിലക്കാരായി പ്രളയ ഫണ്ട് തട്ടിയെടുത്ത സംഭവവുമുൾപ്പെടെ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. പാർട്ടിക്കാർ ചേർന്ന് ഗൂഢാലോചന നടത്തിയാണ് പാവപ്പെട്ടവന് കിട്ടാനുള്ള തുക തട്ടിയെടുത്തതെന്ന്  അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് എൻ ഷംസുദീൻ എം.എൽ.എ പറഞ്ഞു. പ്രളയ തട്ടിപ്പിൽ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന്‍റെ നിരുത്തരവാദത്തിന്‍റെ ഇരയാണ് മേപ്പാടിയിൽ ആത്മഹത്യ ചെയ്ത സനിൽ എന്നും എൻ ഷംസുദ്ദീൻ ആരോപിച്ചു.  സനിൽ ചന്ദ്രന് ആദ്യ ഗഡു സഹായം അനുവദിച്ചിരുന്നു. ബാങ്ക് അക്കൗണ്ടിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം പണം എത്തിയില്ലെന്ന് റവന്യൂ മന്ത്രി വിശദീകരിച്ചു.  സാങ്കേതിക കാരണങ്ങളാൽ ദുരിതാശ്വാസ ഇനത്തിലെ മുഴുവൻ തുക നൽകാൻ സാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രളയദുരിതാശ്വസത്തെ ചിലർ ചാകരയാക്കി മാറ്റിയിരിക്കുകയാണ്.  ആത്മാർത്ഥതയുണ്ടെങ്കിൽ അയ്യനാട് സഹകരണ ബാങ്ക് പിരിച്ചു വിട്ട് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

325 അക്കൗണ്ടുകളിലായി 8.15 കോടിയുടെ തിരിമറിയാണ് അയ്യനാട് സർവീസ് സഹകരണ ബാങ്കിൽ നടന്നത്. 15 ലക്ഷത്തിന്‍റെ തട്ടിപ്പ് മാത്രമാണ് പുറത്തു വന്നതെന്നും പി.ടി തോമസ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.