നീതി തേടി വാളയാർ പെണ്‍കുട്ടികളുടെ അമ്മ ; ഉമ്മന്‍ ചാണ്ടി ഇന്ന് സമരപ്പന്തലിലെത്തും

Jaihind News Bureau
Sunday, February 28, 2021

 

പാലക്കാട് : വാളയാർ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് സമരപ്പന്തലിൽ എത്തും. വൈകിട്ടോടെയാണ് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തുള്ള സമരപ്പന്തലിൽ ഉമ്മൻ ചാണ്ടി എത്തുക.

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ ഇന്നലെ അമ്മ തല മുണ്ഡനം ചെയ്തിരുന്നു. സർക്കാരിന്‍റെ നീതി നിഷേധത്തിനെതിരെ കേരളത്തിലെ 14 ജില്ലകളിലും സമരം സമരം നടത്തുമെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.

കേസ് അട്ടിമറിച്ച ഡിവൈഎസ്പി സോജൻ, എസ്.ഐ ചാക്കോ എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ നടപടി എടുത്തില്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സർക്കാരിന്‍റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാതെ വന്നതോടെയാണ് പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തത്.

ഇളയ കുട്ടിയുടെ നാലാം ചരമവാഷിക ദിനമായ മാർച്ച് നാലിന് എറണാകുളത്ത് 100 പേർ തല മൊട്ടയടിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. രമ്യാ ഹരിദാസ് എം.പി, മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് എന്നിവരും സമരപ്പന്തലിലെത്തി.