പ്രളയ സെസ് നാളെ മുതല്‍ ; 928 ഉല്പന്നങ്ങള്‍ക്ക് വില കൂടും

Jaihind Webdesk
Wednesday, July 31, 2019

കേരളത്തിൽ ഉല്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് നാളെ മുതൽ പ്രാബല്യത്തിൽ. 928 ഉൽപന്നങ്ങൾക്കാണ് സെസ്. അതേസമയം ജി.എസ്.ടിക്ക് പുറത്തുള്ള പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപന തുടങ്ങിയവയ്ക്ക് സെസ് നൽകേണ്ട. ചരക്ക് സേവന നികുതിക്കൊപ്പം 1 ശതമാനമാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഉത്പന്നങ്ങള്‍ക്ക് 1 ശതമാനം വില കൂടും.

12%, 18%, 28% ജി.എസ്.ടി നിരക്കുകൾ ബാധകമായ 928 ഉല്പന്നങ്ങൾക്കാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാർ, ബൈക്ക്, ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൊബൈൽ ഫോൺ, മരുന്നുകൾ, സിമന്‍റ്, പെയിന്‍റ് തുടങ്ങിയവയ്ക്കെല്ലാം സെസ് വരുന്നതോടെ വിലയേറും. സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമാണ് സെസ്. നാളെ മുതൽ 2 വർഷത്തേക്കാണു സെസ്.

സ്വര്‍ണം ഒഴികെ 5 ശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഒട്ടുമിക്ക അവശ്യ വസ്തുക്കള്‍ക്കും ഉപഭോഗ വസ്തുക്കള്‍ക്കും നിര്‍മാണ സാമഗ്രികള്‍ക്കും വില കൂടും. ജി.എസ്.ടിക്ക് പുറത്തുള്ള പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപന എന്നിവയ്ക്ക് സെസ് നൽകേണ്ട.

പ്രളയാനന്തര പുനർനിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. പ്രളയ സെസ് ഈടാക്കുന്നത് നിരവധി തവണ നീട്ടിവെച്ച ശേഷം ആഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്താൻ തീരുമാനിക്കുകയായിരുന്നു.