ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതി

Jaihind Webdesk
Monday, October 8, 2018

ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതി. സംസ്ഥാന ടൂറിസം വകുപ്പാണ് അഗസ്ത്യാര്‍കൂടവും തിരുവനന്തപുരം നഗരവും അറബിക്കടലുമെല്ലാമടങ്ങുന്ന പ്രകൃതിയുടെ ചാരുത കണ്ട് ആസ്വദിക്കാനാകുന്ന ശാസ്താപാറയുടെ വികസനത്തിനായി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരം ജില്ലയിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമായി ശാസ്താംപാറ മാറും. അഡ്വഞ്ചര്‍ സ്പോര്‍‍ട്സ് സെന്‍ററായി ശാസ്താംപാറയെ വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

മൂന്ന് മണ്ഡപങ്ങളും, കവാടവും, പടിക്കെട്ടുകളും, ഇരിപ്പിടങ്ങളും, കുടിവെള്ള വികരണ സൗകര്യങ്ങളും, സംരക്ഷണ വേലിയും അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ശാസ്താംപാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. നിലവിലെ സ്നാക് ബാറും, ടോയ് ലെറ്റുകളും നവീകരിക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. പതിമൂന്നര ഏക്കറോളം സ്ഥലമാണ് ശാസ്താംപാറയിലെ ടൂറിസം കേന്ദ്രത്തിലുള്ളത്.