ഓണം ബമ്പർ തിരുവനന്തപുരത്ത്; 25 കോടി ശ്രീവരാഹം സ്വദേശി അനൂപിന്

Jaihind Webdesk
Sunday, September 18, 2022

തിരുവനന്തപുരം: 25 കോടി രൂപയുടെ ഓണം ബമ്പർ തിരുവനന്തപുരത്ത് വിറ്റ TJ 750605 എന്ന ടിക്കറ്റിന്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു ടിക്കറ്റ് വിറ്റത്. ശ്രീവരാഹം സ്വദേശി അനൂപാണ് സമ്മാനത്തിന് അർഹനായത്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് അനൂപ്.

അനൂപിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപ ലഭിക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് നറുക്കെടുത്തത്. TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 കോടി രൂപ. കോട്ടയം മീനാക്ഷി ഏജൻസിയുടെ പാലായിലുള്ള ബ്രാഞ്ചിൽനിന്നാണ് ഈ ടിക്കറ്റ് വിറ്റത്.

മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും. TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ ടിക്കറ്റുകൾക്കാണു മൂന്നാം സമ്മാനം. ഇതിൽ TD 545669 എന്ന ടിക്കറ്റും വിറ്റത് കോട്ടയത്തുനിന്നാണ്. ഭാഗ്യലക്ഷ്മി ലക്കി സെന്‍ററിൽനിന്നാണ് ടിക്കറ്റ് വിറ്റത്.

അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുപോയി. 500 രൂപയായിരുന്നു വില. ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും മുന്നിൽ പാലക്കാട് ജില്ലയാണ്. പാലക്കാട് മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. തൃശൂരിൽ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. 10 സീരീസുകളിലാണു ടിക്കറ്റുകൾ പുറത്തിറക്കിയത്. ജൂലൈ 18 മുതലായിരുന്നു വിൽപ്പന.