മുഖ്യമന്ത്രിക്കെതിരായ ചോദ്യങ്ങളിലെ നക്ഷത്ര ചിഹ്നം ഒഴിവാക്കുന്നു; സഭയില്‍ വീണ്ടും ഉന്നയിച്ച് പ്രതിപക്ഷം

Jaihind Webdesk
Thursday, September 1, 2022

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ചോദ്യങ്ങളിലെ നക്ഷത്രചിഹ്നം ഒഴിവാക്കുന്നുവെന്ന് സഭയില്‍ വീണ്ടും ചൂണ്ടിക്കാട്ടി പ്രതിപക്ഷം. സഭയില്‍ നേരിട്ട് മറുപടി പറയേണ്ടവയാണ് നക്ഷത്ര ചിഹ്നം ഇടുന്ന ചോദ്യങ്ങള്‍. ഇത് ഭരണപക്ഷത്തിന്‍റെ സൌകര്യാര്‍ത്ഥം ഉപയോഗിക്കുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു.

നിയമസഭ തുടങ്ങിയ ചോദ്യോത്തര വേളയിൽ തന്നെ ഇക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പരാതി നല്‍കിയിരുന്നു. പരാതി അറിയിച്ചിട്ടും നടപടിയില്ല. മുഖ്യമന്ത്രിക്ക് എതിരായ വിമാനത്തിലെ പ്രതിഷേധം ഉൾപ്പെടെ നക്ഷത്ര ചിഹ്നമിട്ട ചോദ്യമാക്കുന്നു എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. എഡിറ്റിംഗിന് ശേഷമാണ് ഇന്നത്തെ ചോദ്യം ഉൾപ്പെടുത്തിയത് . സഭയിൽ വന്ന ചോദ്യമായതിനാൽ ഒഴിവാക്കാനാകില്ല. അടുത്ത സമ്മേളനം മുതൽ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ചോദ്യങ്ങൾ തയാറാക്കൂവെന്നും സ്പീക്കർ പറഞ്ഞു.

സർക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങളില്‍ നേരിട്ട് മറുപടി പറയുന്നത് ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരത്തെ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. എ.പി അനിൽകുമാർ എംഎൽഎയാണ് മുമ്പ് പരാതി നൽകിയത്. നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്തതാക്കി മാറ്റുന്നുവെന്ന് പ്രതിപക്ഷം നിയമസഭാ സെക്രട്ടറിയേറ്റിനെതിരെ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വർണ്ണക്കടത്ത്, ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം, എകെജി സെന്‍റര്‍ ആക്രമണം തുടങ്ങി സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന  നിരവധി വിഷയങ്ങളില്‍ ഇത്തരത്തില്‍ നേരിട്ട് മറുപടി പറയുന്നത് ഒഴിവാക്കാനായാണ് ഇങ്ങനെ ചെയ്യുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ട് മറുപടി നൽകേണ്ടതിലാണ് മാറ്റം വരുത്തുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.