ഒമിക്രോണ്‍: ഇന്ത്യ-യുഎഇ വ്യോമയാന നിയന്ത്രണങ്ങള്‍ ഇല്ല; ആയിരങ്ങള്‍ക്ക് ആശ്വാസം; വിമാന യാത്രയ്ക്ക് തിരക്ക് തുടങ്ങി

Elvis Chummar
Monday, December 6, 2021

 

ദുബായ് : ഒമിക്രോണ്‍ വൈറസ് മൂലം ഇന്ത്യ-യുഎഇ വ്യോമയാന മേഖലയില്‍ ഇതുവരെ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല എന്നത് ആശ്വാസകരമാകുന്നു. അതേസമയം കൊവിഡ് പരിശോധന ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ യാത്രക്കാര്‍ക്കായി തുടരും. വ്യോമയാന നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ ഏതുസമയവും വരാം എന്നതിനാല്‍ യാത്രക്കാര്‍ക്ക് ഇവ ഇടയ്ക്കിടെ പരിശോധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഡിസംബര്‍ മാസം ആരംഭിച്ചതോടെ വ്യോമയാന മേഖലയില്‍ വിമാന യാത്രക്കാരുടെ തിരക്ക് വര്‍ധിച്ച് വരികയാണ്. ഒമിക്രോണ്‍ വൈറസ് മൂലം ഇന്ത്യ-യുഎഇ വ്യോമയാന മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് ആയിരങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരില്‍ ചെറിയ ആശങ്ക തുടക്കത്തില്‍ ഉണ്ടായെങ്കിലും ഇപ്പോള്‍ വിമാന യാത്രകള്‍ റദ്ദാക്കുന്നത് കുത്തനെ കുറഞ്ഞു. ഇതും വ്യോമയാന മേഖലയില്‍ ഉണര്‍വിന് കാരണമായേക്കാം. വിമാന യാത്രയ്ക്ക് മുമ്പായി എല്ലാവരും യാത്രാ നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.

ഒമിക്രോണ്‍ വൈറസ് വാര്‍ത്തകള്‍ക്കിടയിലും ഇന്ത്യ, യുകെ, യുഎസ്, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പറക്കാന്‍ യുഎഇ നിവാസികള്‍ക്ക് തടസങ്ങള്‍ ഇല്ല എന്നതും വലിയ ആശ്വാസം പകരുന്നു. എന്നാല്‍ കേരളത്തില്‍ എത്തുന്ന എല്ലാ വിദേശ യാത്രക്കാരെ എത്തിച്ചേരുമ്പോള്‍ പരിശോധിക്കും. പോസിറ്റീവ് ആയവരെ ആശുപത്രികളിലേക്ക് മാറ്റും. എന്നാല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും പരിശോധനാഫലം നെഗറ്റീവ് ആയവര്‍ക്കും ഏഴു ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. ഏഴ് ദിവസത്തിന് ശേഷം മറ്റൊരു പരിശോധന കൂടി നടത്തണമെന്നും നിയമത്തില്‍ പറയുന്നു.