പരീക്ഷാ നടത്തിപ്പ് വിദ്യാർത്ഥികളോടുള്ള വെല്ലുവിളി; തിങ്കളാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെ.എസ്‌.യു

Jaihind Webdesk
Saturday, June 26, 2021

 

 

കൊച്ചി : പരീക്ഷാ നടത്തിപ്പുമായി മുന്നോട്ടുപോകുന്ന സർക്കാർ വിദ്യാർത്ഥികളെ വെല്ലുവിളിക്കുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ സൗജന്യമായി ഗാഡ്ജറ്റുകൾ നൽകണമെന്നും അതല്ലെങ്കിൽ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നൽകുന്നതിന് പ്രത്യേക പദ്ധതി രൂപീകരിക്കണമെന്നും അഭിജിത് ആവശ്യപ്പെട്ടു.

ഓൺലൈൻ ക്ലാസുകൾ പോലും വിദ്യാർത്ഥികൾക്ക്  ലഭിക്കാത്ത, പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഹയർ സെക്കന്‍ഡറി, യു.ജി, പി.ജി, ഡിപ്ലോമ, പ്രൊഫഷണൽ പരീക്ഷകൾ ഓഫ് ലൈനായി തന്നെ നടത്തുമെന്ന പിടിവാശിയില്‍ സംസ്ഥാന  സർക്കാർ മുന്നോട്ട് പോകുന്നത്.
പല വിദ്യാർത്ഥികൾക്കും ഇപ്പോഴും കോവിഡ് വാക്സിൻ പോലും ലഭ്യമായിട്ടില്ല.
ഇത്തരമൊരു സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും സാഹചര്യം ഉൾക്കൊള്ളാനും ആശങ്കകൾ പരിഹരിക്കാനും ഈ അവസാന നിമിഷമെങ്കിലും പൊതു-ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും സർക്കാരും തയാറാകണമെന്ന് കെ.എം അഭിജിത് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ അവകാശ നിയമത്തിന് വിഘാതം സൃഷ്ടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കെ.എം അഭിജിത് കുറ്റുപ്പെടുത്തി.  സർക്കാർ ഉന്നതവിദ്യാഭ്യാസമേഖലയിൽ തികഞ്ഞ പരാജയമാണ്. തിങ്കളാഴ്ച സംസ്ഥാനത്തൊട്ടാകെ ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും കെ.എം അഭിജിത് അറിയിച്ചു.