പൊറിഞ്ചുവും ജോസും ഇല്ല : ‘ദുബായിയുടെ മറിയം’ ചട്ടയും മുണ്ടും ഉടുത്ത് നൃത്തമിട്ടു ; സിനിമാ ലോഞ്ച് ആവേശമായി – വീഡിയോ കാണാം

B.S. Shiju
Tuesday, August 27, 2019

ദുബായ് : പൊറിഞ്ചുവും ജോസും ഇല്ലാതെയും, ദുബായിയുടെ മറിയം നൃത്തമിട്ടപ്പോള്‍, ദുബായിലെ സിനിമാ ലോഞ്ച് ആവേശമായി മാറി. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയുടെ ഗള്‍ഫ് റിലീസ് ആഘോഷത്തോടനുബന്ധിച്ചാണ് സിനിമയിലെ നായികയും ദുബായിലെ റേഡിയോ താരവുമായ നൈല സഹപ്രവര്‍ത്തര്‍ക്കൊപ്പം ചട്ടയും മുണ്ടും എടുത്ത് നൃത്തമിട്ടത്.

മലയാള സിനിമയ്ക്ക് ദുബായില്‍ നിന്നുള്ള റേഡിയോയുടെ സംഭാവനയാണ് നൈല. സിനിമയില്‍ നാല്‍പതിലധികം വര്‍ഷങ്ങള്‍ പിന്നിട്ട, പ്രമുഖ സംവിധായകന്‍ ജോഷിയുടെ സിനിമകളിലെ ഏറ്റവും പുതിയ ചിത്രത്തിലെ, ഈ നായികയക്കും നൈലയ്ക്കും ഇത് സിനിമാ ലോഞ്ചിന് അപ്പുറം, ആഘോഷത്തിന്റെ ദിനങ്ങളാണ്. ഹിറ്റ് 96.7 എഫ് എം റേഡിയോയിലെ  സഹപ്രവര്‍ത്തകരും റേഡിയോ അവതാരകരുമായ മായ, അര്‍ഫാസ്, ഡോണ തുടങ്ങിയ വന്‍ നിരയ്ക്ക് ഒപ്പമായിരുന്നു ഈ നൃത്തച്ചുവട്.

തിയറ്ററിനുള്ളില്‍ കേക്ക് മുറിച്ചും ആഘോഷം പങ്കിട്ടു. കൂടുതല്‍ സിനിമകളിലും തൃശൂര്‍ക്കാരി ആയി ആണ് അഭിനയിച്ചത്. തൃശൂര്‍ തനിക്ക് ഭാഗ്യ സ്ഥലമാണെന്നും തിരുവനന്തപുരം സ്വദേശിയായ നൈല ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ഇപ്രകാരം , പൊറിഞ്ചുവും ജോസും എന്നീ രണ്ട് കഥാപാത്രങ്ങള്‍ ഇല്ലാതെ മനം മറിയുന്നോള്‍ എന്ന ഗാനത്തിന് മനം നിറഞ്ഞ് ആടിയ, നൈലയെയും സിനിമയെയും നിറഞ്ഞ കൈയ്യടികളോടെ ഗള്‍ഫിലെ പ്രേക്ഷകരും സ്വീകരിച്ചു.