വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; നഴ്സിംഗ് അസിസ്റ്റന്‍റിനെ യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു

Jaihind Webdesk
Friday, May 31, 2019

തിരുവനന്തപുരം എസ്.യു.ടിയിലെ നഴ്സിംഗ് അസിസ്റ്റന്‍റിനെ യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണ കാരണം. സംഭവത്തില്‍ കൊല്ലം സ്വദേശി നിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം. താമസസ്ഥലത്ത് നിന്ന് ജോലിക്കായി പോകുന്നതിനിടെയാണ് എസ്.യു.ടി ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്‍റ് പുഷ്പലത ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഇവരുടെ ചെവി അറ്റുപോയി. കഴുത്തിനും കൈക്കും പരിക്കുണ്ട്. വെട്ടുകത്തി കൊണ്ടാണ് പ്രതി പുഷ്പലതയെ ആക്രമിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. സംഭവത്തില്‍ ഇവരുടെ സുഹൃത്തും കൊല്ലം സ്വദേശിയുമായ നിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരന്തരമായി വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടും പുഷ്പലത ഇതിന് സമ്മതിക്കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.