കരിപ്പൂരില്‍ സ്വർണ്ണം തട്ടാന്‍ സിനിമാസ്റ്റൈല്‍ പദ്ധതി; കുപ്രസിദ്ധ ക്രിമിനല്‍ സംഘം അറസ്റ്റില്‍

Jaihind Webdesk
Thursday, March 30, 2023

 

മലപ്പുറം: ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണ്ണം തട്ടാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ 6 പേരടങ്ങിയ കുപ്രസിദ്ധ ക്രിമിനല്‍ സംഘം അറസ്റ്റില്‍. കവര്‍ച്ച ചെയ്യുന്ന സ്വര്‍ണ്ണം 7 പേര്‍ തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു പദ്ധതി. 3.18 കിലോ സ്വര്‍ണ്ണവുമായി ജിദ്ദയില്‍ നിന്നും കാലിക്കറ്റ് എയര്‍പോര്‍ട്ടിലെത്തുന്ന സംഘത്തിൽ നിന്നും സ്വർണ്ണം തട്ടാനായിരുന്നു ശ്രമം.

കള്ളക്കടത്ത് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിലിറങ്ങുന്ന മൂന്ന് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി മൂന്ന് കിലോയിലധികം കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ആറു പേരെയാണ് എയര്‍പോര്‍ട്ട് പരിസരത്തു വെച്ച് പോലീസ് പിടികൂടിയത്. സ്വര്‍ണ്ണവുമായി വരുന്ന മറ്റു രണ്ട് യാത്രക്കാരുടെ വിവരങ്ങള്‍ കവര്‍ച്ചാ സംഘത്തിന് കൈമാറിയ മൂന്നാമത്തെ കാരിയറും ഫ്ലൈറ്റ് പാസഞ്ചറുമായ മറ്റൊരാളെ പിന്നീട് മഞ്ചേരിയില്‍ വെച്ചും അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകുന്നേരം 6.30 മണിക്കാണ് പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈല്‍ (24), അന്‍വര്‍ അലി (37), മുഹമ്മദ് ജാബിര്‍ (23), അമല്‍ കുമാര്‍ (27) എന്നിവരും ഒറ്റപ്പാലം സ്വദേശി മുഹമ്മദലി (30), മണ്ണാർക്കാട് സ്വദേശി ആനക്കുഴി ബാബുരാജ് (30) എന്നിവരും കവര്‍ച്ചയ്ക്കൊരുങ്ങി കരിപ്പൂരിലെത്തിയത്. കള്ളക്കടത്ത് സ്വര്‍ണ്ണവുമായി ജിദ്ദയില്‍ നിന്നും എത്തിയ മൂന്ന് യാത്രക്കാരില്‍ ഒരാളായ മഞ്ചേരി സ്വദേശി പറമ്പന്‍ ഷഫീഖ് (31) ആണ് കവര്‍ച്ചാ സംഘത്തിന് തന്‍റെ കൂടെ വരുന്ന മറ്റ് രണ്ട് കാരിയര്‍മാരുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ കൈമാറിയത്. കവര്‍ച്ച ചെയ്യുന്ന സ്വര്‍ണ്ണം 7 പേര്‍ തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു പദ്ധതി. ഷഫീഖ് ഉള്‍പ്പടെ മൂന്ന് പേര്‍ മൊത്തം 3.18 കിലോ സ്വര്‍ണ്ണവുമായിട്ടായിരുന്നു ജിദ്ദയില്‍ നിന്നും കരിപ്പൂരിലിറങ്ങിയത്. കസ്‌റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തുന്ന സമയം ഷഫീഖിന്‍റെ അറിവോടെ ഷഫീഖിനേയും കൂടെ സ്വര്‍ണ്ണവുമായി വരുന്ന മറ്റ് രണ്ടു പേരെയും സിവില്‍ ഡ്രസില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരെന്ന ഭാവേന വാഹനത്തില്‍ കയറ്റി കൊണ്ടുപോയി സ്വര്‍ണ്ണം തട്ടാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ സ്വര്‍ണ്ണവുമായി വന്ന ഷഫീഖും കൂടെ വന്ന മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അബ്ദുല്‍ ഫത്താഹ്, പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി മുഹമ്മദ് റമീസ് എന്നീ മൂന്ന് യാത്രക്കാരും കസ്റ്റംസ് പിടിയിലായതോടെ ഇവരുടെ പദ്ധതി നടപ്പാക്കാന്‍ സാധിച്ചില്ല. പിന്നാലെ മറ്റുളാവരേയും പോലീസ് പിടികൂടുകയായിരുന്നു. കടത്തു സ്വർണ്ണം തട്ടാൻ കവര്‍ച്ചാ സംഘം എത്തുമെന്ന് ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് രഹസ്യ വിവരം ലഭിച്ചിരുന്നതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. കവര്‍ച്ചാ സംഘം എത്തിയ രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തു. വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാറുമായാണ് കവര്‍ച്ചാ സംഘം എയര്‍പോര്‍ട്ടിലെത്തിയിരുന്നത്. അറസ്റ്റിലായ
സംഘത്തലവന്‍ സുഹൈല്‍ മുമ്പും 6 കേസുകളിൽ പ്രതിയാണ്.