ഗവര്‍ണര്‍ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങള്‍ക്ക് അറിയിപ്പ് കൈമാറി; ഇനി സെനറ്റ് യോഗങ്ങളില്‍ പങ്കെടുക്കാനാവില്ല

Jaihind Webdesk
Friday, October 21, 2022

തിരുവനന്തപുരം: ഗവർണർ പുറത്താക്കിയ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്ക് പുറത്താക്കിയുള്ള അറിയിപ്പ് നൽകി. സർവകലാശാല രജിസ്ട്രാറാണ് അംഗങ്ങൾക്ക് അറിയിപ്പ് കൈമാറിയത്. ഇനി ചേരുന്ന സെനറ്റ് യോഗങ്ങളിൽ ഈ പതിനഞ്ച് പേർക്കും പങ്കെടുക്കാനാവില്ല.

ഗവർണർ പിൻവലിച്ച 15 സെനറ്റ് അംഗങ്ങളെയും പുറത്താക്കിയ ഉത്തരവ്  രാജ്ഭവൻ സെക്രട്ടറിയാണ് പുറത്തിറക്കിയത്. പുറത്താക്കിയ അറിയിപ്പ് സെനറ്റ് അംഗങ്ങൾക്ക്  സർവകലാശാലാ രജിസ്ട്രാർ കൈമാറി.  ഇവർക്ക്  ഇനി ചേരുന്ന സെനറ്റ്  യോഗങ്ങളിൽ  പങ്കെടുക്കാൻ ആവില്ല . അടുത്ത മാസം നാലിന് സെനറ്റ് യോഗം ചേരുന്നുണ്ട്.  അതേസമയം പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങളിൽ ഇടത് പ്രതിനിധികളും ഉണ്ട്. ഇവർ ഗവർണരുടെ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ചേക്കും. ഇതു സംബന്ധിച്ചുള്ള നിയമോപദേശം ഇടത് പ്രതിനിധികൾ തേടിയിട്ടുണ്ട്.

സെനറ്റ് കമ്മിറ്റിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാൻ ഗവർണറുടെ നിർദ്ദേശത്തെത്തുടർന്ന് ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് വിട്ടു നിന്ന അംഗങ്ങളെയാണ് ഗവർണർ പുറത്താക്കിയത്.  അംഗങ്ങളെ പുറത്താക്കി ഉത്തരവിറക്കാൻ കഴിഞ്ഞദിവസം ഗവർണർ  വിസിക്ക് നിർദേശം നൽകിയിരുന്നു. ഇത് വിസി വിസമ്മതിച്ചതോടെയാണ് രാജ്ഭവൻ സെക്രട്ടറി ഉത്തരവിറക്കിയത്.