നോർക്ക റൂട്ട്സ് നിയമന തട്ടിപ്പ് : ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് ; ഗവർണർക്ക് 2000 ഇ മെയിലുകള്‍ അയക്കും

Jaihind News Bureau
Wednesday, August 12, 2020

സർക്കാരിന്‍റെ നോർക്ക നിയമന തട്ടിപ്പിൽ പ്രതിഷേധം ശക്‌തം. വിഷയത്തിൽ പരാതിയുമായി രണ്ടായിരം ഇ മെയിലുകൾ ഗവർണർക്ക് അയക്കാനൊരുങ്ങി യൂത്ത് കോൺഗ്രസ്‌. പ്രതിഷേധം ശക്തമാക്കുമെന്ന് കോൺഗ്രസും അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിൽ പി.എസ്.സിയെ മറികടന്ന് അനധികൃത സ്ഥിരനിയമനം നടത്തിയ വിഷയത്തിൽ പ്രതിഷേധം ശക്‌തം. സർക്കാർ ജോലി കാത്തിരിക്കുന്ന ആയിരക്കണക്കിന് യുവാക്കളെ അവഗണിച്ച് 8 പേർക്കാണ് സർക്കാർ നോർക്ക റൂട്ട്സിൽ നിയമനം നൽകിയത്. ഈ വിഷയത്തിൽ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങൾക്കും പങ്കുണ്ടെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് വ്യക്തമാക്കി.

ഉദ്യോഗാർത്ഥികളെ വഞ്ചിച്ച സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. സുപ്രീം കോടതിയെ പോലും മറികടന്ന് നടത്തിയ നിയമനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ടായിരത്തോളം പേർ ഗവർണർക്ക് ഇമെയിൽ അയച്ച് പ്രതിഷേധം അറിയിക്കുമെന്ന് യൂത്ത് കോൺഗ്രസ്‌ വ്യക്തമാക്കി.