കാട്ടാക്കട മർദ്ദനം; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

Jaihind Webdesk
Wednesday, September 21, 2022

 

തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയില്‍ അച്ഛനെയും മകളെയും മർദ്ദിച്ച കേസില്‍ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പും ചുമത്തിയാണ് പോലീസ് കേസെടുത്തത്. തന്നെ ആക്രമിച്ചെന്ന് പെൺകുട്ടി മൊഴി നൽകിയതോടെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്.

മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചൽ സ്വദേശി പ്രേമനനെയാണ് മകളുടെ മുന്നില്‍ വെച്ച് കെഎസ്ആർടിസി ജീവനക്കാർ മർദിച്ചത്. കോഴ്സ് സർട്ടിഫിക്കറ്റില്ലാതെ കൺസഷൻ നൽകാനാകില്ലെന്ന് ജീവനക്കാർ പറഞ്ഞതാണ് തർക്കത്തിനിടയാക്കിയത്. സർട്ടിഫിക്കറ്റ് നേരത്തേ നൽകിയതാണെന്ന് പ്രേമനൻ പറഞ്ഞെങ്കിലും ജീവനക്കാർ വഴങ്ങിയില്ല. തുടർന്ന് പ്രേമനനെ മുറിയിലിട്ട് കെഎസ്ആർടിസി ജീവനക്കാര്‍ മർദിക്കുകയായിരുന്നു.

സംഭവം വാര്‍ത്തയായതിന് പിന്നാലെ 4 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ മുഹമ്മദ് ഷെറീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ, അസിസ്റ്റന്‍റ് സി.പി മിലൻ ഡോറിച്ച് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തില്‍ ഹൈക്കോടതി, കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ കെഎസ്ആർടിസി എംഡി ജനങ്ങളോട് മാപ്പ് ചോദിച്ചിരുന്നു.