സെൽവരാജിന്‍റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന സിപിഎം വാദം പൊളിയുന്നു

Tuesday, June 4, 2019

ഇടുക്കി ഉടുമ്പൻചോലയിലെ സെൽവരാജിന്‍റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന സിപിഎം വാദം പൊളിയുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന്‍റെ എഫ്‌ഐആർ. സിപിഎം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നെന്നു കോൺഗ്രസ് ആരോപിച്ചു.

വ്യക്തിവൈരാഗ്യം കാരണം സിപിഎം പ്രവര്‍ത്തകനായ സെൽവരാജിനെ പ്രതി അരുൺ ഗാന്ധി കല്ലുകൊണ്ട് തലയ്ക്ക് അടിച്ചെന്നാണ്  എഫ് ഐ ആറിൽ പറയുന്നത്.

എന്നാൽ ഇടുക്കി ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വിജയാഘോഷത്തിനിടെ കോൺഗ്രസ് പ്രവർത്തർ സെൽവരാജിനെ കൊലപ്പെടുത്തിയെന്നായിരുന്നു സിപിഎം ആരോപണം. കോൺഗ്രസിന്‍റെ കൊലപാതകം രാഷ്ട്രീയമാണിതെന്നു ആരോപിച്ചു കോടിയേരി ബാലകൃഷ്ണൻ വരെ രംഗത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ചു ഉടുമ്പന്‍ചോലയിലെ കോൺഗ്രസ്‌ ഓഫീസ് സിപിഎം പ്രവർത്തകർ തല്ലി തകർക്കുന്നതിലേക്കു പ്രതിഷേധം നീണ്ടു. എന്നാൽ സംഭവത്തിന്‌ പിന്നിൽ രാഷ്ട്രീയ വൈരം ഇല്ലെന്ന പൊലീസിന്‍റെ കണ്ടെത്തൽ എത്തിയതോടെ സി.പി എം വാദം പൊളിയുകയാണ്.

കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് ഡീന്‍ കുര്യാക്കോസ് എംപി ഉടുമ്പന്‍ചോല പൊലിസ് സ്‌റ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തി. സെല്‍വരാജിന്‍റെ മരണം രാഷ്ട്രീയ കൊലപാതകമാക്കി തീര്‍ക്കാന്‍ സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തിയതായി എംപി ആരോപിച്ചു. സാമ്പത്തിക തർക്കത്തിന്‍റെ പേരിൽ നടന്ന കൊലപാതകത്തിന്‍റെ പേരിൽ കിലോമീറ്റർ അകലെ വിജയാഹ്ലാദ പ്രകടനം നടത്തിയ കോൺഗ്രസ്സ് നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകുവാനാണ് കോൺഗ്രസ്സ് തീരുമാനം.