മസ്‌കറ്റ് വിമാനത്താവളം വഴി ഒമാനിലേക്ക് പോകാന്‍ പിസിആര്‍ ടെസ്റ്റ് വേണ്ട ; കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പള്ളികളില്‍ പ്രവേശിക്കാം

Jaihind News Bureau
Thursday, December 10, 2020

മസ്‌കറ്റ് : ഒമാനിലേക്ക് മസ്‌കറ്റ് വിമാനത്താവളം വഴി വരുന്നവര്‍ക്ക് ഇനി പിസിആര്‍ ടെസ്റ്റ് വേണ്ടെന്ന് പുതിയ നിയമം. എന്നാല്‍, വിമാനത്താവളത്തില്‍ പരിശോധന തുടരുമെന്നും കര അതിര്‍ത്തിവഴി വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

അതേസമയം, പള്ളികളില്‍ പ്രവേശിക്കുന്നതിന് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഔഖാഫ് മതകാര്യ മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഈ നടപടി. എന്നാല്‍, കൂടുതല്‍ മേഖലകളില്‍ ഇളവ് നല്‍കിയത് കൊവിഡ് വൈറസ് നീങ്ങിയതു കൊണ്ടല്ലെന്നും അതിനാല്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒമാനിലേക്ക് വരുന്നവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തണം. ഈ മാസം അവസാനത്തോടെ ആദ്യ ഘട്ട വാക്സീന്‍ ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.