റിസോർട്ട് വിവാദത്തില്‍ ഇ.പിക്കെതിരെ പാർട്ടി അന്വേഷണമില്ല; ‘ഹാപ്പി ന്യൂ ഇയർ’ പറഞ്ഞ് ജയരാജന്‍

Jaihind Webdesk
Friday, December 30, 2022

 

തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനർ ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തില്‍ പാർട്ടി അന്വേഷണം വേണ്ടെന്ന് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇ.പിക്കെതിരെ തല്‍ക്കാലം അന്വേഷണം വേണ്ടെന്ന് തീരുമാനം എടുത്തത്.  പി ജയരാജനാണ് ഇ.പി ജയരാജനെതിരെ ആരോപണം ഉന്നയിച്ചത്. അതേസമയം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഹാപ്പി ന്യൂ ഇയർ’ എന്നായിരുന്നു  ഇ.പി ജയരാജന്‍റെ പ്രതികരണം.

കണ്ണൂരിലെ റിസോർട്ട് ഇ.പി ജയരാജന്‍റെയും കുടുംബത്തിന്‍റെയും പേരിലുള്ളതാണെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി ജയരാജന്‍ ആരോപണം ഉന്നയിച്ചത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും അന്വേഷണം വേണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു. ആരോപണം എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിർദേശിച്ചു. ഇ.പി ജയരാജന്‍റെ വിശദീകരണം തേടിയശേഷം തുടർ നടപടി സ്വീകരിക്കാന്‍ പിബി യോഗം നിർദേശിച്ചു.

ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും തനിക്ക് റിസോർട്ടുമായി ബന്ധമില്ലെന്നും ഇ.പി ജയരാജൻ പാർട്ടി നേതൃത്വത്തോട് വിശദീകരിച്ചു. ഭാര്യ സഹകരണ സംഘത്തിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച പണമാണ് റിസോർട്ടിൽ നിക്ഷേപിച്ചിരിക്കുന്നതെന്നും തെറ്റുകാരനെന്ന് വരുത്താൻ ചിലർ ഗൂഢോലോചന നടത്തിയതായും ഇ.പി ജയരാജൻ പറഞ്ഞു. ജയരാജന്മാർ കൊമ്പുകോർത്തതിന്‍റെ അനുരണനങ്ങളില്‍ പാര്‍ട്ടിയിലും ഉണ്ടായി. ഇതോടെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇടപെട്ട് പരസ്യമായ ഏറ്റുമുട്ടല്‍ പാടില്ലെന്ന് ഇരുനേതാക്കള്‍ക്കും നിർദേശം നല്‍കിയിരുന്നു. ഇ.പിക്കെതിരെ അന്വേഷണം വേണ്ടെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടോടെ പി ജയരാജന്‍ പാർട്ടിയില്‍ കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്തു.