കേരളത്തിന് ഇത്തവണയും AIIMS ഇല്ല; തഴഞ്ഞ് കേന്ദ്രസർക്കാർ

Jaihind Webdesk
Friday, January 11, 2019

എയിംസിന് മൂന്ന് കേന്ദ്രങ്ങള്‍ കൂടി തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ജമ്മുവിലെ സാംബ, കശ്മീരിലെ പുല്‍വാമ, ഗുജറാത്തിലെ രാജ്‌കോട്ട് എന്നിവിടങ്ങളിലാണ് പുതുതായി എയിംസ് അനുവദിച്ചത്. ഏറെക്കാലമായി എയിംസ് വേണമെന്ന് ആവശ്യപ്പെടുന്ന കേരളത്തെ ഇത്തവണയും പരിഗണിച്ചില്ല.

പുതിയ ഓരൊ എയിംസിലും നൂറ് എം.ബി.ബി.എസ് സീറ്റുകളും 60 ബി.എസ്.സി നഴ്‌സിംഗ് സീറ്റുകളും അനുവദിക്കും. ഇതിന് പുറമെ ഓരോ എയിംസ് കേന്ദ്രത്തിലും 15 മുതല്‍ 20 വരെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റുകളും ഉണ്ടാകും. 750 ബെഡുകളും പുതുതായി ലഭ്യമാക്കും.

കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന് 2015 മുതല്‍ പലത തവണ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഉമ്മന്‍ചാണ്ടി സർക്കാരിന്‍റെ കാലത്ത് നാല് സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ കോഴിക്കോട്ട് എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് കിനാലൂരില്‍ 200 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുമുണ്ട്. നിപ വൈറസ് ബാധ അടക്കം മാരക രോഗങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു.