‘തിരുകിക്കയറ്റാന്‍ കത്തെഴുതുന്ന രീതി പാർട്ടിയിലില്ല’; മേയർക്കെതിരെ നടപടിയില്ല, സംരക്ഷിച്ച് സിപിഎം

Jaihind Webdesk
Sunday, November 6, 2022

 

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ സംരക്ഷിച്ച് സിപിഎം. മേയർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞു. നഗരസഭയിലെ താത്ക്കാലിക ഒഴിവിലേക്ക് പാര്‍ട്ടിക്കാരുടെ പട്ടിക തേടിയ കത്ത് തയാറാക്കിയത് താനല്ലെന്ന് മേയർ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയോട് പറഞ്ഞ് ആഭ്യന്തരവകുപ്പ് അന്വേഷിക്കട്ടെ എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നതിന്  കത്തെഴുന്ന രീതി സിപിഎമ്മില്‍ ഇല്ലെന്നും സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.

ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് വിസിമാരെ തിരുകിക്കയറ്റാന്‍ ശ്രമം നടക്കുകയാണ്. ഇതിനെ നിയമപരമായും ഭരണഘടനാപരമായും എതിർക്കും. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റണോ എന്ന കാര്യം ചർച്ച ചെയ്യേണ്ടതുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.