അമേരിക്കന്‍ കമ്പനി വഴി വിവരശേഖരണം: ധനമന്ത്രിയെ തല്‍സ്ഥാനത്തു നിന്നു മാറ്റി നിര്‍ത്തി സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍

Jaihind News Bureau
Monday, April 13, 2020

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ അമേരിക്കന്‍ സ്വകാര്യ കമ്പനിക്ക് എത്തിച്ചു നല്‍കിയതിലെ ദുരൂഹത പുറത്തു കൊണ്ടുവരാന്‍ കമ്പനിയെ വഴിവിട്ട് ന്യായീകരിക്കുന്ന ധനമന്ത്രി തോമസ് ഐസക്കിനെ തല്‍സ്ഥാനത്തു നിന്നു മാറ്റി നിര്‍ത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.  കമ്പനിയേയും ഇടപാടിനെയും പരിധിവിട്ടു ന്യായീകരിക്കുന്ന ധനമന്ത്രി സംശയത്തിന്‍റെ നിഴലിലാണ്.  കേരളത്തിലെ ജനങ്ങളുടെ നിരവധി വിവരശേഖരം കമ്പനിയുടെ അധീനതയിലാണെന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ചും അന്വേഷണവും നിയമനടപടിയും അനിവാര്യമാണ്.  കേരള ജനതയുടെ മൗലിക അവകാശമായ വ്യക്തിയുടെ സ്വകാര്യത കവര്‍ന്നെടുക്കുന്ന ഒട്ടനവധി വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയുടെ കൈവശമാണെന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരവും അടിയന്തിര നടപടി ആവശ്യമുളളതുമാണ്.

വിദേശസ്വകാര്യ കമ്പനിയ്ക്ക് ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിന് ഐസിഎംആറിന്‍റേയും ഹെല്‍ത്ത് മിനിസ്റ്റേഴ്സ് സ്ക്രീനിംഗ് കമ്മിറ്റിയുടെയും അനുമതി വേണമെന്ന വ്യവസ്ഥ കേരള സര്‍ക്കാര്‍ പാലിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കത്തു നല്‍കിയിരുന്നു.

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സ്വകാര്യ അമേരിക്കന്‍ കുത്തക കമ്പനിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് നിര്‍ത്തിവച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്.   വെബ്സൈറ്റില്‍ വിവരങ്ങള്‍ നേരിട്ട് നല്‍കുന്നത് നിര്‍ത്തിവച്ചതു കൊണ്ട് മാത്രം അതീവ ഗുരുതരമായ ഈ വിഷയത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല.  അമേരിക്കന്‍ കമ്പനിയെ വിവരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കിയതായി പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഡേറ്റാബേസില്‍ നല്‍കുന്ന വിവരം അവിടെ നിന്നും അമേരിക്കന്‍ കമ്പനിയ്ക്ക് കൈമാറുമോ എന്നു വ്യക്തമാക്കണം.

നാളിതുവരെ  കേരളത്തിലെ ആയിരകണക്കിന് ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വ്യക്തിവിവരങ്ങള്‍ കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു.  ഈ വിവരങ്ങള്‍ കമ്പനി ദുരുപയോഗം ചെയ്യില്ല എന്നുളളതിന്‍റെ ഉറപ്പ് എന്താണ്. നാളിതുവരെ നല്‍കിയ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താന്‍  സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വെളിപ്പെടുത്തണം. നാളിതുവരെ കമ്പനിക്ക് നല്‍കിയ വിവരങ്ങള്‍ക്ക് ലോകവിപണിയിലുളള മുല്യം നിശ്ചയിക്കാനാവാത്തതാണ്. ലോകവിപണിയില്‍ ഏറ്റവും വിലയേറിയ ഒന്നാണ് ഡേറ്റാബേസ് എന്ന തിരിച്ചറിവ് വൈകിയെങ്കിലും സര്‍ക്കാരിന് ഉണ്ടായത് നല്ലതാണ്.  എന്നാല്‍  കമ്പനിയുമായുളള കരാര്‍ സര്‍ക്കാര്‍ വെളിപ്പെടുത്താത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്.  വ്യക്തിയുടെ സ്വകാര്യതയില്‍ പരമപ്രധാനമായ ആരോഗ്യ സംബന്ധമായ  വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയ്ക്ക് നല്‍കിയത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. പ്രത്യക്ഷമായി അമേരിക്കന്‍ കമ്പനിയെ മാറ്റി നിര്‍ത്തി പരോക്ഷമായി വിവരങ്ങള്‍ കമ്പനിയ്ക്ക് എത്തിച്ചു നല്‍കുന്നതും മൗലിക അവകാശലംഘനമാണ്.  ഗുരുതരമായ ഈ വിഷയത്തില്‍ അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പ്രസിദ്ധീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.

അമേരിക്കന്‍ സ്വകാര്യ കമ്പനിയെ ന്യായീകരിക്കാന്‍ ധനമന്ത്രി നടത്തിയ എഫ്.ബി പോസ്റ്റിന്‍റെ ലിങ്ക് ഇതോടൊപ്പം ചേര്‍ക്കുന്നു.
https://www.facebook.com/209072452442237/posts/3453832261299557/?d=n