സന്‍മനസ്സുള്ളവരേ ഇനി നിങ്ങളിലാണ് പ്രതീക്ഷ; നിയ മോള്‍ക്ക് കേള്‍ക്കണം

Jaihind Webdesk
Thursday, February 7, 2019

കോഴിക്കോട്: ഒരു കുഞ്ഞിന്റെ ലോകം നിശബ്ദമായ വാര്‍ത്തയാണ് ഇപ്പോള്‍ മീഡിയയില്‍ വൈറലാകുന്നത്. റെയില്‍വേ യാത്രയ്ക്കിടെ നഷ്ടമായ ആ ബാഗില്‍ ഉണ്ടായിരുന്നത് രണ്ട് വയസ്സുകാരി നിയശ്രീ ഉപയോഗിച്ചിരുന്ന ശ്രവണ ഉപകരണങ്ങളായിരുന്നു. കണ്ണൂര്‍ പെരളശേരി സ്വദേശി രാജേഷ് മകളോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുംവഴിയാണ് ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് നഷ്ടമായത്. രണ്ടാം തിയതി രാവിലെ 9.30ന് ചെന്നൈ- എഗ്മോര്‍ എക്സ്പ്രസില്‍ വച്ചായിരുന്നു സംഭവം. നിയയും അമ്മ അജിതയും മാത്രമേ യാത്രയിലുണ്ടായിരുന്നുളളൂ. സര്‍ജറിക്ക് ശേഷം തുടര്‍ ചികിത്സയ്ക്കായാണ് ഇരുവരും പോയത്. നല്ല തിരക്കായതിനാല്‍ ലേഡീസ് ഉപകരണങ്ങളടങ്ങിയ ബാഗ് അവര്‍ കയറിയ ലേഡീസ് കമ്പാര്‍ട്ട്മെന്റിലെ സൈഡില്‍ തൂക്കിയിടുകയായിരുന്നു.

വര്‍ക് ഷോപ്പ് ജീവനക്കാരനായ രാജേഷ് സര്‍ക്കാര്‍ വഴിയാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മകള്‍ക്കുളള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി നടത്തിയത്. എട്ട് ലക്ഷത്തോളം വരുന്ന സര്‍ജറി സര്‍ക്കാര്‍ സൗജന്യമായി നടത്തുകയായിരുന്നു. ജന്മനാ കേള്‍വിയില്ലാത്ത നിയശ്രീക്ക് ഇതോടെ ഉപകരണം വഴി കേള്‍വിയും ലഭിച്ചിരുന്നു. ഇതോടെ കേള്‍വിയില്ലാതെ ശൂന്യമായ ലോകത്തിലാണ് ഇപ്പോള്‍ രണ്ട് വയസ്സുകാരി നിയശ്രീ. ആ ഉപകരണങ്ങള്‍ തിരികെ കിട്ടിയാല്‍ ദയവായി ഈ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് രാജേഷിന്റെ അപേക്ഷയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 9847746711 ആണ് രാജേഷിന്റെ നമ്പര്‍. എന്നാല്‍ പോസ്റ്റുകള്‍ വൈറലായെങ്കിലും ആ ബാഗ് തിരിച്ചുകിട്ടിയിട്ടില്ല. തിരിച്ചുകിട്ടുമെന്ന് ഇനിയും പ്രതീക്ഷയില്ലാതെയാണ് ഈ കുടുംബം. പുതിയത് വാങ്ങാന്‍ നാല് ലക്ഷത്തോളം രൂപ വേണം. ദിവസവരുമാനക്കാരായ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ് ഈ തുക. സുമനസ്സുകള്‍ സഹായിച്ചാലേ ഇനി നിയമോള്‍ക്ക് കേള്‍ക്കാന്‍ സാധിക്കൂ. അങ്ങനൊരു സഹായത്തിനാണ് നിയമോളുടെ കുടുംബം കാത്തിരിക്കുന്നത്.

 

നിയമോൾക്ക് ആശ്വാസവുമായി ഉമ്മൻ ചാണ്ടിയുടെ വിളിയെത്തി