തീരദേശത്തെ ദുരിതം : അടിയന്തരപ്രമേയത്തിന് അനുമതി ഇല്ല ; പ്രതിപക്ഷം ഇറങ്ങിപ്പോയി

Jaihind Webdesk
Tuesday, June 1, 2021

തിരുവനന്തപുരം : തീരദേശത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യണമെന്നുള്ള  അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പി.സി വിഷ്ണുനാഥ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

തീരദേശം ദുരിതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. നരകതുല്യ ജീവിതമാണ് മത്സ്യതൊഴിലാളികളും തീരദേശവാസികളും നയിക്കുന്നത്. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുലിമുട്ടും കടൽഭിത്തിയും കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല പ്രശ്നങ്ങൾ. സംസ്ഥാനത്തെ 9 തീരദേശങ്ങൾ ദുരിതത്തിലാണ്.

ദുരിതമനുഭവിക്കുന്നവർക്ക് കൊവിഡ് കൂടി വന്നതോടെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കാനാകില്ല. ചെല്ലാനത്ത് ജിയോ ട്യൂബ് പദ്ധതി പരാജയമായിരുന്നു. അത്തരം പദ്ധതി ശംഖുമുഖത്ത് കൊണ്ട് വന്നിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു. ശംഖുമുഖം റോഡ് പൂർണമായും തകർന്നു. തീരപ്രദേശങ്ങളിൽ മാസ് വാക്സിനേഷൻ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീരമേഖലയില്‍ ശോഷണമുണ്ടെന്ന് മന്ത്രിമാരായ സജി ചെറിയാനും കെ. കൃഷ്ണന്‍കുട്ടിയും മറുപടി നല്‍കി. ഗൗരവമായ വിഷയമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അഞ്ച് വർഷത്തിനുള്ള കടലാക്രമണം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രിയുടെ ഉറപ്പ് സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ്, കഴിഞ്ഞ 5 വർഷം സർക്കാർ എന്ത് ചെയ്തു എന്ന്  വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തീരദേശ പാക്കേജ് എന്ന പ്രഖ്യാപനത്തിനപ്പുറം ഒരു ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് പോലും കഴിഞ്ഞ 5 വർഷം സർക്കാർ തയ്യാറാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. തീരദേശത്ത് ദുരന്തം ദുരിതമായി പെയ്തിറങ്ങുകയാണ്. കാലവർഷത്തിൽ കടൽ എവിടെയെത്തുമെന്ന ഭീതി തീരദേശങ്ങളിൽ നിലനിൽക്കുന്നു. ഭാഗികമായി വീട് തകർന്ന ആളുകൾക്ക് അടിയന്തര ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.