സംസ്ഥാനത്ത് പബ്ബുകള്‍ക്ക് പിന്നാലെ നൈറ്റ് ലൈഫ് കേന്ദ്രങ്ങളും തുടങ്ങുമെന്ന് മുഖ്യമന്ത്രി

Jaihind News Bureau
Sunday, January 12, 2020

സംസ്ഥാനത്ത് പബ്ബുകള്‍ക്ക് പിന്നാലെ നൈറ്റ് ലൈഫ് കേന്ദ്രങ്ങളും ആരംഭിക്കാന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ‘നാം മുന്നോട്ട്’ എന്ന പ്രതിവാര സംവാദ പരിപാടിയിലാണ് സംസ്ഥാനത്ത് നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ വരുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി സൂചന നല്‍കിയത്.

നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ക്കായി  സുരക്ഷിതമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ കളക്ടര്‍മാര്‍ ശ്രമം തുടങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹോട്ടലുകളും റസ്റ്റോറന്‍റുകളും മറ്റും ഉള്‍പ്പെടുന്നവയായിരിക്കും നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍. തിരുവനനന്തപുരം, ടെക്‌നോപാര്‍ക്ക്‌ പോലെയുള്ള കേരളത്തിലെ സ്ഥലങ്ങള്‍ നൈറ്റ് ലൈഫിന് പറ്റിയ സ്ഥലങ്ങളാണെന്നും മുഖ്യമന്ത്രി  ചൂണ്ടിക്കാട്ടി. ഇതില്‍ പബ്ബുകളും ഉള്‍പ്പെടുമോ എന്നത് സംബന്ധിച്ച് വ്യക്തമല്ല.

നേരത്തെ സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി നാം മുന്നോട്ട് എന്ന പരിപാടിയില്‍ അറിയിച്ചിരുന്നു. ഇത് വ്യാപക വിമർശനത്തിനാണ് വഴിയൊരുക്കിയത്. സംസ്ഥാനത്ത് മദ്യം ഒഴുക്കാനുള്ള സർക്കാർ നീക്കത്തിന്‍റെ ഭാഗമാണിതെന്ന് വിമർശനം ഉയർന്നിരുന്നു. യു.ഡി.എഫ് സർക്കാര്‍ അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നുകൊടുത്തതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.

രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐ.ടി മേഖല പോലെയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക്  ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ട്. ഇത്തരത്തില്‍ ആക്ഷേപം സര്‍ക്കാറിന് മുന്നില്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. വരിനിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്ന് നോക്കി വാങ്ങാനാകുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് മൈക്രോ ബ്രുവറികൾക്ക് ലൈസൻസ് നൽകാൻ നീക്കം നടക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നിൽ അഴിമതി ഉണ്ടെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് തൽക്കാലം തീരുമാനം മരവിപ്പിച്ചിരുന്നു. യു.ഡി.എഫ് സർക്കാര്‍ നടപ്പിലാക്കിയ മദ്യനിയന്ത്രണത്തിനുള്ള നീക്കങ്ങളെ തകിടംമറിക്കുന്ന നടപടികളാണ് ഇടത് സർക്കാര്‍ നടത്തുന്നത്. നേരത്തെ യു.ഡി.എഫ് സർക്കാർ അടച്ചുപൂട്ടിയ രണ്ട് ബാറുകൾ എൽ.ഡി.എഫ് സർക്കാർ തുറന്നുകൊടുത്തിരുന്നു.