മൂന്നാം തരംഗം ഉറപ്പ്, എപ്പോഴെന്ന് പ്രവചിക്കാനാവില്ല; മാനദണ്ഡങ്ങള്‍ കർശനമായും പാലിക്കണമെന്ന് മുന്നറിയിപ്പ്

Jaihind Webdesk
Sunday, August 1, 2021

ഹൈദരാബാദ് : കൊവിഡിന്‍റെ മൂന്നാം തരംഗം തീര്‍ച്ചയായും ഉണ്ടാകുമെന്നും പക്ഷേ അത് എപ്പോള്‍ സംഭവിക്കുമെന്നത് പ്രവചനാതീതമാണെന്നും കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്‌.ഐ.ആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ സി മാണ്‍ഡെ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ തെല്ലും വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കൊവിഡ് വാക്‌സിനേഷനൊപ്പം തന്നെ സാനിറ്റൈസേഷന്‍, മാസ്‌ക് ധരിക്കുക തുടങ്ങിയ മാനദണ്ഡങ്ങള്‍ മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഡോ. മാണ്‍ഡെ വ്യക്തമാക്കി. വാക്‌സിനേഷന്‍ ഗുണകരമാണെന്നതിന് നിരവധി ശാസ്ത്രീയ തെളിവുകളുണ്ട്. കൊവിഡിന്‍റെ ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍ പ്രഹരശേഷിയുള്ളതാണെങ്കിലും  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കൊവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ പഠിക്കുകയാണെന്നും ഡോ. മാണ്‍ഡെ മാധ്യമങ്ങളോട് പറഞ്ഞു.

‘യു.കെ, യൂറോപ്പ്, യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിച്ചു. നമ്മളും ജാഗരൂകരായിരിക്കണം. അടുത്ത തരംഗത്തിന് സാധ്യതയുണ്ട്, പക്ഷേ എപ്പോള്‍, എങ്ങനെ എന്ന് ഇതുവരെ വ്യക്തമല്ല. വൈറസിന്‍റെ ജനിതകമാറ്റം മൂലമോ, കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടരുന്നതില്‍ ജനങ്ങളുടെ അലസതയോ ഇതിന് കാരണമായേക്കാം’ – ഡോ. മാണ്‍ഡെ പറഞ്ഞു. വൈറസിന്‍റെ ജനിതക നിരീക്ഷണം അടുത്ത മൂന്ന് വര്‍ഷത്തേക്ക്കൂടി തുടരണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പിന്തുടരണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.