ഒമാന് പുറത്ത് ആറുമാസത്തിലധികം കഴിഞ്ഞ വിദേശികള്‍ക്ക് തിരികെയെത്താന്‍ ഇനി പുതിയ തൊഴില്‍ വിസ നിര്‍ബന്ധം ; വിമാന കമ്പനികള്‍ക്ക് സര്‍ക്കുലര്‍ ; ഫാമിലി വിസക്കാര്‍ക്ക് പുതിയ വിസ നിര്‍ബന്ധമില്ല

Jaihind News Bureau
Thursday, January 14, 2021

മസ്‌കറ്റ് : ഒമാന് പുറത്ത് ആറുമാസത്തിലധികം കഴിഞ്ഞ വിദേശികള്‍ക്ക് ഇനി തിരികെ രാജ്യത്തേക്ക് വരണമെങ്കില്‍ പുതിയ തൊഴില്‍ വിസ നിര്‍ബന്ധമാക്കി. റോയല്‍ ഒമാന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഫാമിലി വിസക്കാര്‍ക്ക് ഇത് നിര്‍ബന്ധമല്ല.

കൊവിഡ് പശ്ചാത്തലത്തില്‍ വ്യോമഗതാഗതം നിര്‍ത്തിവെച്ചതോടെ വിദേശികളുടെ വിസ സംബന്ധിച്ച കാര്യങ്ങളില്‍ ഒമാന്‍ നിരവധി ഇളവുകള്‍ നല്‍കിയിരുന്നു. ഇപ്രകാരം നിയമപരമായി അനുവദിക്കപ്പെട്ട കാലയളവായ ആറുമാസം കഴിഞ്ഞവര്‍ക്ക് വിദേശത്ത് നിന്ന് വിസ പുതുക്കാനുള്ള സൗകര്യം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വ്യോമഗതാഗതം പുനരാരംഭിച്ചതോടെ ഈ ഇളവുകള്‍ ഒമാന്‍ എടുത്തു കളയുകയായിരുന്നു.  ഇതോടെ 180 ദിവസത്തിലധികം രാജ്യത്തിന് പുറത്ത് കഴിഞ്ഞവര്‍ക്ക് പ്രവേശന അനുമതി നല്‍കില്ലെന്ന് ഒമാന്‍ അറിയിക്കുകയായിരുന്നു.

റോയല്‍ ഒമാന്‍ പൊലീസ് സിവില്‍ ഏവിയേഷന്‍ അധികാരികള്‍ക്ക് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ നല്‍കി. ഇതോടെ വിദേശത്തായിരിക്കെ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് തൊഴിലുടമ പുതിയ തൊഴില്‍ വിസ എടുത്തുനല്‍കിയാല്‍ മാത്രമേ ഇനി തിരികെ ഒമാനിലെത്താന്‍ സാധിക്കുകയുള്ളൂ. ആറുമാസം കഴിഞ്ഞവര്‍ക്ക് ബോര്‍ഡിംഗ് അനുവദിക്കരുതെന്ന് വിമാന കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആറുമാസ നിബന്ധന തൊഴില്‍ വിസക്കാര്‍ക്കാണ് ബാധകമാകുന്നത്. എന്നാല്‍ ഫാമിലി വിസക്കാര്‍ക്ക് ഇത് നിര്‍ബന്ധമില്ല. ഒമാനിലെ വിസാ നിയമമനുസരിച്ച് തൊഴില്‍ വിസയിലുള്ളവര്‍ 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് തങ്ങാന്‍ പാടില്ലെന്നും നിയമത്തില്‍ പറയുന്നു.