എക്സൈസ് വകുപ്പിലെക്കും പുത്തന്‍ വാഹനങ്ങൾ; രണ്ടുകോടി പതിമൂന്ന് ലക്ഷം അനുവദിച്ചു

Jaihind Webdesk
Saturday, November 26, 2022

തിരുവനന്തപുരം :സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ വാഹനങ്ങള്‍ വാങ്ങരുത് എന്ന് ഉത്തരവിറക്കിയത് പിന്നാലെ എക്സൈസ് വകുപ്പിലേക്ക് 23 വാഹനങ്ങൾ വാങ്ങാൻ അനുമതി. രണ്ടുകോടി പതിമൂന്ന് ലക്ഷത്തി ഇരുപത്തിയേഴായിരത്തി ഒരുന്നൂറ്റി എഴുപത് ( 2,13,27,170) രൂപയാണ് വാഹനങ്ങൾ വാങ്ങാൻ അനുവദിച്ചത്. 23 മഹിന്ദ്ര നിയോ വാഹനങ്ങൾ ആണ് വാങ്ങുക.

എക്സൈസ് വകുപ്പിലെ വാഹനങ്ങൾ ഏറെ പഴക്കം ചെന്നവയാണെന്നും ഇത് എൻഫോഴ്സ്മെന്‍റ്  പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നു എന്നും എക്സൈസ് കമ്മീഷണർ സർക്കാരിന് നൽകിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് നവംബർ 4 മുതൽ കർശന വിലക്ക് ഏർപ്പെടുത്തി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. അതുകൊണ്ട് വാഹനം വാങ്ങുന്നതിനുള്ള ഫയൽ എക്സൈസ് മന്ത്രി എം.ബി രാജേഷ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നവംബർ 23 ലെ മന്ത്രിസഭയോഗത്തിൽ ഈ വിഷയം പരിഗണിച്ചു ,തുടര്‍ന്നാണ് വാഹനം വാങ്ങാൻ അനുമതി നൽകിയത്. തുടർന്ന് നവംബർ 24 ന് നികുതി സെക്രട്ടറി ഡോ. രത്തൻ കേൽക്കർ വാഹനം വാങ്ങാൻ 2.13 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കി.

പുതിയ വാഹനങ്ങള്‍ വാങ്ങരുത് എന്ന് ഉത്തരവിറക്കിയ നവംബര്‍ 4 നു ശേഷം സര്‍ക്കാര്‍ വാങ്ങിയ വാഹനങ്ങളും ചെലവും ;

1. മന്ത്രി റോഷി അഗസ്റ്റിന്‍ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )

2.മന്ത്രി വി.എന്‍ വാസവന്‍ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )

3. മന്ത്രി വി. അബ്ദുറഹിമാന്‍ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )

4. മന്ത്രി ജി. ആര്‍. അനില്‍ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )

5.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )

6. പി.ജയരാജന്‍ – 35 ലക്ഷം (അതി സുരക്ഷാ വാഹനം)