‘നോര്‍ക്ക’ രജിസ്‌ട്രേഷന്‍ പോലെ മലയാളികള്‍ക്ക് വീണ്ടും ‘ഇരട്ടിപ്പണി’ : ചാര്‍ട്ടര്‍ വിമാനത്തില്‍ മടങ്ങാന്‍ സംഘടനകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ കോണ്‍സുലേറ്റില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം ; ക്വാറന്‍റൈനുള്ള ചെലവ് വിമാന ടിക്കറ്റില്‍ കൂട്ടും

Jaihind News Bureau
Saturday, May 30, 2020

ദുബായ് : യുഎഇയിലെ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കിയാലും, നാട്ടിലേക്ക് പോകാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെബ്സൈറ്റിലും പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം. നേരത്തെ, ലക്ഷക്കണക്കിന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും, അത് നോക്കുകുത്തിയായെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നീട്, എംബസി-കോണ്‍സുലേറ്റ് വഴി പേര് രജിസ്റ്റര്‍ ചെയ്തവരെയാണ് യാത്രക്കായി ക്ഷണിച്ചത്. അതുപോലെ, ചാര്‍ട്ടര്‍ വിമാനം ഏര്‍പ്പെടുത്തുന്ന സംഘടനകളും സ്ഥാപനങ്ങളും ഇനി യാത്രക്കാരുടെ പേരുവിവരങ്ങള്‍, കോണ്‍സുലേറ്റില്‍ നല്‍കിയാല്‍ മാത്രമേ , പറക്കാന്‍ അനുമതിയുള്ളൂവെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ കത്തില്‍ വ്യക്തമാക്കുന്നു.  

ചാര്‍ട്ടര്‍ വിമാനത്തിന് ഇന്ത്യ അനുമതി നല്‍കിയതോടെയാണ് ഇതുസംബന്ധിച്ച, നടപടികള്‍ നയന്ത്രകാര്യാലയം കൂടുതല്‍ കര്‍ശനമാക്കിയത്. ഇപ്രകാരം, ചാര്‍ട്ടര്‍ വിമാനത്തില്‍, നാട്ടിലേക്ക് പോകാന്‍ തയ്യാറാക്കുന്നവര്‍ക്കും, പ്രവാസി  സംഘടനകള്‍ക്കും, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇതനുസരിച്ച്, വിമാനം ഏര്‍പ്പെടുത്തുന്ന സംഘടനകള്‍, യാത്രക്കാരുടെ പേരുവിവരം കോണ്‍സുലേറ്റില്‍ നല്‍കണം. കോണ്‍സുലേറ്റില്‍ നിന്നോ എംബസിയില്‍ നിന്നോ അറിയിപ്പ് കിട്ടാതെ, ടിക്കറ്റ് ബുക്ക് ചെയ്യരുത്. നാട്ടില്‍ ക്വാറന്‍റൈനുള്ള ചെലവ് ഉള്‍പ്പടെയായിരിക്കും വിമാന ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റ് നിരക്ക് എത്രയെന്ന്, സംഘടനകള്‍ക്ക് നിശ്ചയിക്കാം. എന്നാല്‍, യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധ നടത്തുമോ എന്നത് വ്യക്തമല്ല.

യാത്ര പോകുന്നവര്‍, ഏഴുദിവസം മുന്‍പെങ്കിലും അപേക്ഷ നല്‍കിയിരിക്കണം. ഈ അപേക്ഷയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയും സംഘാടകര്‍ ഉറപ്പാക്കണം. കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിക്ക് ശേഷം വിമാനക്കമ്പനി ഓപ്പറേറ്റര്‍മാര്‍, സിവില്‍ വ്യോമയാന അധികാരികളുടെ അനുമതി നേടണം. ഇത്തരത്തിലുള്ള കര്‍ശന ഉപാധികളാണ് കോണ്‍സുലേറ്റ് പുറത്തിറക്കിയത്. അതേസമയം, അനുമതി ലഭിക്കുന്ന വിവരം, കോണ്‍സുലേറ്റിന്‍റെയോ എംബസിയുടെയോ സൈറ്റിലും, സമൂഹ മാധ്യമങ്ങളിലും പ്രസദ്ധീകരിക്കും. ഇതിനു ശേഷം മാത്രമേ, യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പണം നല്‍കാവൂ എന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. ഇതുസംബന്ധിച്ച അനാവശ്യ പണപ്പിരിവ് തടയുക എന്ന ലക്ഷ്യത്തിലാണ് ഈ പുതിയ നീക്കങ്ങള്‍. ഇത് രണ്ടാംതവണയാണ് ചാര്‍ട്ടര്‍ വിമാന വിഷയത്തില്‍, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കര്‍ശന നിലപാട് പരസ്യമാക്കുന്നത്.