നെല്‍വയലുകളും നീര്‍ത്തടങ്ങളും ഭൂമാഫിയക്ക് തീറെഴുതി സര്‍ക്കാര്‍; ന്യായവിലയുടെ പകുതി നല്‍കിയാല്‍ നിലം നികത്താം

Jaihind Webdesk
Thursday, December 20, 2018

തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം പൂര്‍ണ്ണമായും ഇല്ലാതാക്കി പുതിയ നിയമച്ചട്ടം. ഇനി ന്യായവിലയുടെ പകുതി നല്‍കിയാല്‍ നിലം നികത്താന്‍ അനുമതി നല്‍കുന്ന നിയമചട്ടം റവന്യൂവകുപ്പ് പുറത്തിറക്കി. കഴിഞ്ഞ ജൂണില്‍ നിയമസഭ അംഗീകരിച്ച നെല്‍വയല്‍ തണ്ണീര്‍ത്തടം നിലം നികത്തല്‍ നിയമഭേദഗതിയുടെ ചുവടുപിടിച്ചാണ് ചട്ടം തയാറാക്കിയത്. ഇതോടെ 2008 ല്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം പൂര്‍ണ്ണമായും ഇല്ലാതായിരിക്കുകയാണ്.

നിലംനികത്തല്‍ നിയമത്തിലെ വ്യവസ്ഥക്കനുസരിച്ച് വില്ലേജുകള്‍ തയാറാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങളുടെ ഡാറ്റ ബാങ്കില്‍ ഉള്‍പ്പെടുത്താത്ത നിലം നികത്താന്‍ ആര്‍.ഡി.ഒക്ക് അനുമതി നല്‍കാം. 1967 ജൂലൈ നാലിന് മുമ്പ് നികത്തിയതാണെന്ന തെളിവുണ്ടെങ്കില്‍ ഫീസ് അടക്കേണ്ടതില്ല. വില്ലേജ് ഓഫിസര്‍, പ്രാദേശികനിരീക്ഷണ സമിതി എന്നിവയുടെ റിപ്പോര്‍ട്ട് അനുസരിച്ചും സ്ഥലപരിശോധന നടത്തിയുമാണ് ആര്‍.ഡി.ഒ. നിലംനികത്താന്‍ അനുമതി നല്‍കേണ്ടത്. നികത്തുന്ന നിലത്തിന്റെ സമീപം അവശേഷിക്കുന്ന നെല്‍വയലുകള്‍ക്ക് നീരൊഴുക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നികത്തുന്ന നിലത്ത് 3000 ച. അടിയിലേറെ വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് നിര്‍മിക്കുന്നതെങ്കില്‍ അധികമുള്ള ഓരോ ചതുരശ്ര അടിക്കും 100 രൂപ നിരക്കില്‍ അധിക ഫീസ് നല്‍കണം.

വിസ്തീര്‍ണം 50 സന്റെില്‍ കൂടുതലാണെങ്കില്‍ 10 ശതമാനം ഭൂമി ജലസംരക്ഷണ നടപടി നടപ്പാക്കേണ്ട തണ്ണീര്‍ത്തടമായി രേഖപ്പെടുത്തണം. ഇതില്‍ നിര്‍മാണം പാടില്ല. ആര്‍.ഡി.ഒക്ക് ലഭിക്കുന്ന അപേക്ഷകളില്‍ വില്ലേജ് ഓഫിസര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. 50 സന്റെില്‍ കൂടുതലാണെങ്കില്‍ കൃഷി ഓഫിസറുടെ അഭിപ്രായം തേടണം. രണ്ടര ഏക്കറില്‍ അധികമാണെങ്കില്‍ കൃഷി, വില്ലേജ് ഓഫിസര്‍മാരുടെ സാന്നിധ്യത്തില്‍ ആര്‍.ഡി.ഒ നേരിട്ട് പരിശോധിക്കണം.