റഫാലിൽ മൂന്നാമത്തെ വെളിപ്പെടുത്തലുമായി ദി ഹിന്ദു

Jaihind Webdesk
Wednesday, February 13, 2019

റഫാലിൽ മൂന്നാമത്തെ വെളിപ്പെടുത്തലുമായി ദി ഹിന്ദു. യുപിഎ കാലത്തെ കരാറിനേക്കാൾ മോശമായ കരാറാണ് ആണ് മോദി സർക്കാർ ഒപ്പിട്ടതെന്ന് വെളിപ്പെടുത്തൽ.

വിമാനം വിതരണം ചെയ്യുന്ന സമയക്രമം, വില ഇവയൊക്കെ മുൻ സർക്കാറിന്റെ കാലത്തെ കാരാറിനെക്കാൾ മോശമാണെന്നും പത്രം പറയുന്നു. ഇക്കാര്യങ്ങൾ വിശദമാക്കി ഏഴ് അംഗ ഇന്ത്യൻ സംഘത്തിലെ മൂന്ന് പേർ തയ്യാറാക്കിയ കുറിപ്പും പത്രം പുറത്ത് വിട്ടു.

റഫാൽ യുദ്ധവിമാന ഇടപാടിൽ കേന്ദ്രസർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയാണ് പുതിയ വെളിപ്പെടുത്തലുകൾ എത്തിയിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് ദസ്സോ കമ്പനി മുന്നോട്ട് വച്ച കരാറിനെക്കാൾ മോശം വ്യവസ്ഥകളാണ് മോദി സർക്കാർ ഏർപ്പെട്ട കരാറിലേതെന്ന് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദു ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു. ഏഴംഗ ഇന്ത്യൻ സംഘത്തിലെ മൂന്ന് പേർ പ്രതിനിധികൾ അറിയിച്ചിരുന്നതായി ആണ് വെളിപ്പെടുത്തൽ.യുപിഎ കാലത്ത് കരാറിനായി രംഗത്തുണ്ടായ യൂറോഫൈറ്റർ മുന്നോട്ട് വച്ച കരാർ ഇതിലും ലാഭകരമായിരുന്നെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു

റഫാൽ കരാറിന് മുന്നോടിയായി ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് ദസ്സോയുമായി ചർച്ച നടത്തിയ ഏഴ് ഉദ്യോഗസ്ഥരിൽ മൂന്നു പേർ വ്യവസ്ഥകളിൽ ആശങ്ക പ്രകടിപ്പിച്ച് എഴുതിയ കുറിപ്പുകളാണ് ഹിന്ദു ദിനപ്പത്രം ഇന്ന് പുറത്തുവിട്ടത്. അന്തിമകരാറിൽ ഒപ്പിടുന്നതിന് എട്ട് മാസം മുമ്പ് എഴുതിയ എട്ട് പേജുകളുള്ള കുറിപ്പിൽ ഇന്ത്യൻ സംഘത്തിലെ ഉപദേഷ്ടാവ് എം.പി സിങ്, ധനകാര്യ മാനേജർ എ ആർ സുലേ, ജോയിന്റ് സെക്രട്ടറിയും അക്വിസിഷൻ മാനേജറുമായ രാജീവ് വർമ എന്നിവരാണ് വ്യവസ്ഥകൾ മാറ്റുന്നതിൽ ആശങ്ക രേഖപ്പെടുത്തിയത്.2016 ജൂൺ ഒന്നിന് സംഘത്തിന്റെ തലവനായ ഡെപ്യുട്ടി ചീഫ് ഓഫ് എയർ ഫോഴ്‌സിന് സമർപ്പിച്ചിരിക്കുന്ന കത്തിൽ കരാർ ലാഭകരമാണെന്നും വിമാനങ്ങൾ വേഗത്തിൽ ലഭിക്കുമെന്നുള്ള മോദി സർക്കാരിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഉള്ളത്.

യുപിഎ സർക്കാരിന്റെ കാലത്ത് 126 വിമാനങ്ങളാണ് ദസ്സോയുമായി ചേർന്ന് നിർമ്മിക്കാൻ ഏദേശ ധാരണയായത്. ഇതിൽ 18 വിമാനങ്ങൾ ദസ്സോ കൈമാറുകയും ശേഷിക്കുന്നവ എച്ച്എഎല്ലുമായി ചേർന്ന് നിർമ്മിക്കാനുമായിരുന്നു പദ്ധതി. മോദി സർക്കാർ അധികാരത്തിലെത്തിയതോടെ കരാർ അടിമുടി മാറ്റുകയും എച്ച്എഎല്ലിന് പകരം അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ഓഫ്സെറ്റ് പങ്കാളിയാകുകയും വിമാനത്തിന്റെ എണ്ണം 36 ആയി ചുരുങ്ങുകയും ചെയ്തു.36 വിമാനമായപ്പോഴും മുൻകരാറിനെ അപേക്ഷിച്ച് വിലയും കൂടുതലാണെന്നാണ് റിപ്പോർട്ട് പറയുന്നത്.പൂർണസജ്ജമായ വിമാനങ്ങളാണ് നൽകുന്നതെന്നും മുൻ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് വേഗത്തിൽ ഇവ ലഭ്യമാകുമെന്നുമായിരുന്നു എണ്ണം കുറച്ചതിൽ ഈ സർക്കാർ നൽകിയ വിശദീകരണം.

എന്നാൽ പഴയ കരാറിൽ 18 വിമാനം ഇന്ത്യക്ക് കൈമാറാമെന്ന് ധാരണയിലെത്തിയ കാലപരിധിയെ അപേക്ഷിച്ച് പുതിയ കരാർ അനുസരിച്ച് വിമാനം ലഭിക്കാൻ സമയപരിധി കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു. നിയമപരമായ പ്രശ്നങ്ങൾ വന്നാലോ കരാർ വ്യവസ്ഥകൾ പാലിക്കാതെ വന്നാലോ അനധികൃത ഇടപെടൽ നടന്നാലോ ദസ്സോയ്ക്കെതിരെ നടപടിക്കോ പിഴയീടാക്കാനോ ഉള്ള വ്യവസ്ഥകൾ ഒഴിവാക്കപ്പെട്ടു. വിലയുടെ കാര്യത്തിലും മുൻ കരാറിനെക്കാൾ ഒട്ടും മെച്ചമല്ല പുതിയ കരാറെന്നും റിപ്പോർട്ട് പറയുന്നു. യുപിഎ കാലത്ത് കരാറിനായി രംഗത്തുണ്ടായ യൂറോഫൈറ്റർ മുന്നോട്ട് വച്ച കരാർ ഇതിലും ലാഭകരമായിരുന്നെന്നും റിപ്പോർട്ട് വ്യ്കതമാക്കുന്നു. ഇതേ#ാടെ പ്രതിപ്കഷം ഉന്നയിച്ച ആരോപണങ്ങൽ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.