ഹരിയാനയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും; കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് പ്രവചിച്ച് ഇന്ത്യാടുഡേ എക്‌സിറ്റ് പോള്‍

Jaihind Webdesk
Tuesday, October 22, 2019

ന്യൂഡല്‍ഹി: ഹരിയാന നിയമസഭയിലേയ്ക്കുള്ള തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് വമ്പിച്ച മുന്നേറ്റം നടത്തുമെന്ന് ഇന്ത്യാടുഡേ – ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. കോണ്‍ഗ്രസിന് 30 മുതല്‍ 42 സീറ്റുവരെ ലഭിക്കുമെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസ്-ബിജെപി കക്ഷികള്‍ കമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുകയെന്നാണ് പ്രവചനം. ബിജെപിക്ക് 32 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ഇന്ത്യാടുഡേ പറയുന്നു. 90 അംഗ ഹരിയാന നിയമസഭയില്‍ 45 അഞ്ച് സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ഇന്ത്യാ ടുഡേയുടെ സര്‍വേ പ്രകാരം രണ്ടു കക്ഷികളും 45ല്‍ താഴെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ഇരു കക്ഷികള്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ മറ്റു കക്ഷികളുടെ സാഹയത്തോടെ തൂക്കു മന്ത്രിസഭയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങും.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി 47 സീറ്റുകള്‍ നേടിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. കോണ്‍ഗ്രസിനാകട്ടെ 15 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് 42 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ദുഷ്യന്ത് ചൗട്ടാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടി (ജെജെപി) ആറ് മുതല്‍ 10 സീറ്റുകള്‍ വരെ നേടുമെന്നും മറ്റുള്ളവരെല്ലാം ചേര്‍ന്ന് 6-10 സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.
ഹരിയാനയില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നായിരുന്നു ഇതുവരെ പുറത്തുവന്ന അഭിപ്രായ സര്‍വേകളൊക്കെ പ്രവചിച്ചിരുന്നത്. ബിജെപി എഴുപതിന് മുകളില്‍ സീറ്റുകള്‍ നേടുമെന്നായിരുന്നു മിക്കവാറും എല്ലാ എക്സിറ്റ് പോളുകളുടെയും പ്രവചനം. കോണ്‍ഗ്രസ് 15ല്‍ താഴെ സീറ്റുകളാണ് നേടുകയെന്നായിരുന്നു സര്‍വേകളെല്ലാം പറഞ്ഞിരുന്നത്.