ബി.ജെ.പിയെ കൈയൊഴിയുന്ന സഖ്യകക്ഷികള്‍; യു.പിയില്‍ മുന്നണിവിടാനൊരുങ്ങി അപ്‌നാദള്‍

Jaihind Webdesk
Wednesday, December 26, 2018

ന്യൂദല്‍ഹി: എന്‍.ഡി.എ സഖ്യകക്ഷികള്‍ ബീഹാറില്‍ ഉയര്‍ത്തിയ കലാപക്കൊടിക്ക് പിന്നാലെ യു.പിയിലും ബി.ജെ.പിക്ക് തലവേദന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാന്യമായ പ്രാതിനിധ്യം കിട്ടിയില്ലായെങ്കില്‍ മുന്നണിവിടാനൊരുങ്ങുകയാണ് എന്‍.ഡി.എ സഖ്യകക്ഷിയായ അപ്നാ ദള്‍.
എന്‍ഡിഎ ഘടകകക്ഷികല്‍ നിരാശയിലാണെന്നും സഖ്യകക്ഷികള്‍ പറയുന്നത് ആരും ചെവികൊള്ളുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഇക്കാര്യത്തില്‍ അമര്‍ഷമുണ്ട്. ബിജെപി കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട് തെറ്റ് തിരുത്തണം. അല്ലെങ്കില്‍ യുപിയില്‍ എന്‍ഡിഎ നഷ്ടം നേരിടും. അപ്നാ ദള്‍ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ആശിഷ്പട്ടേല്‍ പറയുന്നു.

2014 ല്‍ അപ്നാ ദള്‍ മത്സരിച്ച രണ്ടു സീറ്റുകളിലും വിജയിച്ചിരുന്നു. അപ്നാ ദളിന്റെ അനുപ്രിയ പട്ടേല്‍ കേന്ദ്രമന്ത്രി സഭയില്‍ അംഗമാണ്. ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പരാജയത്തില്‍ നിന്നും എന്‍ഡിഎ പാഠം ഉള്‍ക്കൊളളണമെന്ന് അപ്നാ ദള്‍ നേതാവ് പറയുന്നു.

യുപിയില്‍ എല്ലാ അതിരുകളും ലംഘിക്കപ്പെട്ടിരിക്കുന്നു. സിദ്ദാര്‍ത്ഥ് നഗറില്‍ മെഡിക്കല്‍ കോളേജിന് തറക്കല്ലിടല്‍ ചടങ്ങിലേക്ക് സംസ്ഥാനത്തെ കേന്ദ്രമന്ത്രിയെ ക്ഷണിച്ചില്ല, സമാജ്വാദി പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തില്‍ ഇരുന്നപ്പോഴെല്ലാം ചടങ്ങുകള്‍ക്ക് വിളിച്ചിരുന്നതാണ്, അടുത്തിടെ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിലേക്കും സഖ്യകക്ഷിയായ അപ്നദളിന്റെ നേതാക്കളെ പങ്കെടുപ്പിച്ചില്ല. കോര്‍പ്പറേഷനുകളിലെ സ്ഥാനങ്ങളും പാര്‍ട്ടിക്ക് ലഭിച്ചില്ലെന്നും പരാതിയുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് ശേഷം ബീഹാറില്‍ എന്‍ഡിഎ സഖ്യകക്ഷിയായ എല്‍ജെപി പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് യുപിയിലും സഖ്യകക്ഷികള്‍ വിമത സ്വരം ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശിലെ ബഹ്‌റെയ്ച്ചില്‍നിന്നുള്ള എം.പിയായ സാവിത്രിബായ് ഫൂലെ ബി.ജെ.പി സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നുവെന്നും ദളിതര്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമെതിരെയാണ് പാര്‍ട്ടിയുടെ നയമെന്നും ആരോപിച്ച് ബി.ജെ.പി വിട്ടിരുന്നു.