ഹൈക്കോടതി ഉത്തരവിന് പുല്ലുവില; നവകേരള സദസില്‍ ആളെയെത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കുന്നു

Jaihind Webdesk
Monday, November 27, 2023

 

നവകേരള സദസില്‍ ഹൈക്കോടതി ഉത്തരവിന് പുല്ലുവില. സദസില്‍ ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കരുതെന്ന ഇടക്കാല ഉത്തരവ് ലംഘിക്കപ്പെട്ടു. കോഴിക്കോട് തിരുവമ്പാടി, ബാലുശ്ശേരി, കുന്നമംഗലം മണ്ഡലങ്ങളിലെ നവ കേരള സദസ്സുകളിലേക്കാണ് സ്‌കൂള്‍ ബസുകളില്‍ ആളെ എത്തിച്ചത്. സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. എന്നാല്‍ കാസര്‍കോട് സ്വദേശി നല്‍കിയ ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കും വരെ ഉത്തരവ് നടപ്പാക്കരുതെന്നാണ് കോടതി പറഞ്ഞത്. ഇടക്കാല ഉത്തരവ് ഇങ്ങനെയാണെങ്കിലും പുറത്തു നടക്കുന്നത് നേര്‍വിപരീതമാണ്. നവ കേരള സദസ്സുകളിലേക്ക് യഥേഷ്ടം ആളുകളെ എത്തിച്ചത് സ്‌കൂള്‍ ബസുകളില്‍ ആയിരുന്നു. തിരുവമ്പാടി മണ്ഡലത്തിലെ നവ കേരള സദസ്സ് നടന്ന മുക്കത്താണ് ഏറ്റവുമധികം സ്‌കൂള്‍ ബസുകള്‍ എത്തിയത്.

കുന്നമംഗലത്തെ നവ കേരള സദസ്സിനും കണ്ടു സ്‌കൂള്‍ ബസ്സുകള്‍ . ഇന്നലെ ഞായറാഴ്ച ആയതിനാലാണ് നവകേരള സദസ്സിന് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ ഉപയോഗിച്ചത്. എന്നാല്‍ ബാലുശേരിയില്‍ ശനിയാഴ്ചയായിരുന്നു സ്‌കൂള്‍ ബസുകളില്‍ ആളുകളെ കൊണ്ടുവന്നത്. ഞായറാഴ്ച സ്‌കൂളുകള്‍ പ്രവൃത്തി ദിവസം അല്ലാത്തതിനാല്‍ ബസുകള്‍ ഉപയോഗിച്ചാല്‍ കുഴപ്പമില്ലെന്ന് വാദിച്ചാലും നടക്കില്ല. കോടതി ഉത്തരവില്‍ അങ്ങനെ ഒരു ഇളവില്ല. കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്.