പമ്പ ത്രിവേണി മണല്‍ കടത്തില്‍ ഇടപെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍; സര്‍ക്കാരിനോട് വിശദീകരണം തേടി

Jaihind News Bureau
Thursday, June 4, 2020

 

പമ്പ ത്രിവേണി മണല്‍ കടത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിശദീകരണം തേടി. പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെ മണല്‍ നീക്കിയത് എന്തിനെന്ന്  ട്രൈബ്യൂണല്‍ ചോദിച്ചു. പരിസ്ഥിതി നിയമങ്ങളും നടപടി ക്രമങ്ങളും പാലിക്കാതെ  ദുരന്ത നിവാരണ നിയമപ്രകാരം മണല്‍ നീക്കം ചെയ്യാന്‍ എന്തുകൊണ്ട് ഉത്തരവിട്ടുവെന്ന് വിശദീകരണം നല്‍കണമെന്നും  ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. എത്ര മണല്‍ നീക്കം ചെയ്യാമെന്ന് പഠനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക സമിതിയെ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ചു.

കേന്ദ്ര വനം മന്ത്രാലയത്തിന്‍റെ   സീനിയര്‍ ഉദ്യോഗസ്ഥന്‍, പ്രിന്‍സിപ്പിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍, മൈനിങ് ആന്‍ഡ് ജിയോളജി സിനീയര്‍ ഉദ്യോഗസ്ഥന്‍, പത്തനംതിട്ട ഡി എഫ് ഒ, ദുരന്ത നിവാരണ മെമ്പര്‍ സെക്രട്ടറി എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.