നാഗമ്പടം റെയിൽവേ പഴയ മേൽപാലം ഇനി ഓര്‍മ്മ…

Jaihind Webdesk
Saturday, April 27, 2019

നാഗമ്പടം റെയിൽവേ പഴയ മേൽപാലം ഇന്നു പൊളിച്ചു നീക്കും. ഇനി ഒരു ചരിത്ര സ്മരണ മാത്രമായി പഴയ മേല്‍പ്പാലം മാറും. രാവിലെ 11 മണിയോടെ അപകടരഹിതമായ നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം പൊളിക്കാനാണ് തീരുമാനം.

ഇതേത്തുടര്‍ന്ന് കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം 9 മണിക്കൂറിലേറെ പൂര്‍ണമായി നിര്‍ത്തിവച്ചിട്ടുണ്ട്. മാത്രമല്ല എംസി റോഡിൽ നാഗമ്പടം പാലത്തിലൂടെ രാവിലെ 11 മുതൽ 12 വരെ വാഹന ഗതാഗതം നിരോധിച്ചു. പാലത്തിന്‍റെ 100 മീറ്റർ പരിധിയിൽ കാൽനടയാത്രയും നിരോധിച്ചിട്ടുണ്ട്.

രാവിലെ 9 മുതൽ വൈകിട്ട് 6.30 വരെ കോട്ടയം വഴി ട്രെയിനുകൾ ഒന്നും ഉണ്ടാകില്ല. കായംകുളം, കോട്ടയം, എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 3 മെമു അടക്കം 12 പാസഞ്ചർ ട്രെയിനുകൾ പൂർണമായും നാലു ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. 10 ട്രെയിനുകൾ ആലപ്പുഴവഴി തിരിച്ചുവിടും. വഴിതിരിച്ചു വിടുന്ന ട്രെയിനുകൾക്ക് താൽക്കാലികമായി എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിൽ അധികമായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

1959ല്‍ പണി പൂര്‍ത്തിയായി നാള്‍ മുതൽ കോട്ടയത്തിന്‍റെ അഭിമാനമായി തലയുയർത്തി നില്‍ക്കുന്ന നാഗമ്പടം റെയിൽവേ മേൽപാപാലത്തിന്‍റെ പ്രൗഢി 1974ല്‍ മീറ്റർ ഗേജുകള്‍ ബ്രോഡ്‌ഗേജാക്കി മാറ്റിയതോടെ പിന്നെയും കൂടി. പാലത്തിന്‍റെ ഉയരം കൂട്ടാനായി കൊല്ലത്ത് നിന്നും വലിയ മെക്കാനിക്കൽ ജാക്കി കൊണ്ടു വന്ന് പാലം ഉയർത്തി ബീമുകൾ സ്ഥാപിക്കാനുള്ള പദ്ധതി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മധുരയിൽ നിന്ന് ജാക്കി പിടിപ്പിച്ച തീവണ്ടി എത്തിച്ചാണ് അന്ന് പാലത്തിന്‍റെ മുഖം മാറ്റിയത്. പാളത്തിൽ നിർത്തിയ തീവണ്ടിയിൽനിന്ന് ജാക്കിവച്ച് പാലം ഉയർത്തി നിർത്തി വലിയ ബീമുകൾകൊണ്ട് ഉറപ്പിക്കുകയായിരുന്നു.

രാവിലെ 11 മണിയോടെ പാലം പൊളിക്കാനാണ് തീരുമാനം. പ്രാരംഭ നടപടിയായി വെള്ളിയാഴ്ച രാത്രി പാലത്തിലും കോൺക്രീറ്റ് ബീമുകളിലും സുഷിരങ്ങളുണ്ടാക്കി സ്ഫോടക വസ്തുക്കള്‍ നിറച്ചു. രാത്രിയോടെ പാലം മുഴുവൻ പ്ലാസ്റ്റിക് വല കൊണ്ടു മൂടി. സ്ഫോടനത്തിന്‍റെ പൊടി പുറത്തുവന്ന് മറ്റ് പ്രശ്നങ്ങള്‍ അന്തരീക്ഷത്തില്‍ സൃഷ്ടിക്കാതിരിക്കാനുള്ള കരുതലായാണ് ഈ നടപടി.

11നും 12നും ഇടയ്ക്ക് സ്ഫോടനം നടത്തും. തിരക്കുള്ള എംസി റോഡിലാണ് പാലം എന്നതിനാല്‍ 11 മണിയോടെ പാലത്തിനു 100 മീറ്റർ ചുറ്റളവിലെ മുഴുവൻ പേരെ‍യും മാറ്റുമെന്നും തൊട്ടടുത്ത പുതിയ പാലത്തിലൂടെയുള്ള ഗതാഗതവും തടയുമെന്നും അധികൃതര്‍ അറിയിച്ചു. ഈ ഭാഗത്ത് വൈദ്യുതി വിതരണവും ഉണ്ടായിരിക്കില്ല.

സ്ഫോടനം നേരിട്ട് കാണാന്‍ പൊതുജനത്തിനും അവസരം നല്‍കാനായി നെഹ്റു സ്റ്റേഡിയത്തിൽ സൗകര്യം അനുവദിച്ചിട്ടുണ്ട്. റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ ഭരണകൂടം, പൊലീസ്, അഗ്നി ശമനസേന, നഗരസഭ എന്നിവരുടെ മേൽനോട്ടത്തിലാണ് പാലം പൊളിക്കുന്നത്.

പാശ്ചാത്യ നഗരങ്ങളിൽ സുപരിചിതമായ നിയന്ത്രിത സ്ഫോടനം കേരളത്തിൽ ആദ്യമായാണ് പരീക്ഷിക്കുന്നത്.  തിരുപ്പൂർ കേന്ദ്രമായ മാഗ് ലിങ്ക് ഇന്ഫ്രാ പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്കാണ് പാലം പൊളിക്കുന്നതിന്‍റെ കരാർ‍. വൻ കെട്ടിട സമുച്ചയങ്ങൾ പൊളിക്കാൻ ഉപയോഗിക്കുന്ന സുരക്ഷിതമായ ‘ഇംപ്ലോസീവ്’ മാർഗമാണ് നാഗമ്പടത്തും നടപ്പാക്കുന്നത്.

കോട്ടയം കുഞ്ഞച്ചൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ കോട്ടയത്തിന്‍റെ ഈ പെരുമ ബിഗ് ഫ്രെയിമിലും തെളിഞ്ഞു. ഇതിന് ശേഷം കലണ്ടർ, ഡ്രാമ തുടങ്ങി പല ചിത്രങ്ങളിലും പാലം കോട്ടയത്തിന്‍റെ അടയാളമായി തിളങ്ങി.