നെടുംങ്കണ്ടം കസ്റ്റഡി മരണത്തിലെ അന്വേഷണത്തിൽ പുരോഗതിയില്ല; സർക്കാർ നിലപാടിൽ ദുരൂഹത

Jaihind Webdesk
Monday, July 8, 2019

Nedumkandam-custodymurdercase

നെടുംങ്കണ്ടം കസ്റ്റഡി മരണത്തിലെ അന്വേഷണത്തിൽ പുരോഗതിയില്ല. കേസിന്‍റെ ഗതി മാറുന്നു. മൂന്നാംമുറക്ക് നിർദേശം നൽകിയ മേലുദ്യോഗസ്ഥർ സുരക്ഷിതരാക്കിയ സർക്കാർ നിലപാടിലും ദുരൂഹത.

ജില്ലാ പോലീസ് മേധാവിയുടെയും ഡിവൈഎസ്പിയുടെയും നിർദേശ പ്രകാരമാണ് കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ വച്ച് പീഡനമുറകൾ നടത്തിയതെന്ന് അറസ്റ്റിലായ പോലീസുകാർ പറഞ്ഞിരുന്നു. മേലുദ്യോഗസ്ഥരായ എസ്പി, യും, ഡിവൈഎസ്പിയും, സിഐയും അറിയാതെ ഇത്തരത്തിൽ പീഡനമുറകൾ ഉണ്ടാകില്ലെന്നത് പകൽ പോലെ വ്യക്തമാണ്. എന്നിട്ടും സ്റ്റേഷൻ എസഐയും ഒരു ഡ്രൈവറും മാത്രമാണ് അറസ്റ്റിലായത്. സ്ഥലം മാറ്റിയ എസ്പി വേണുഗോപാലിന് പകരം സ്ഥാനം നൽകില്ലെന്ന് മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചെങ്കിലും സ്വന്തം നാട്ടിൽ ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ തലപ്പത്ത് നിയമിച്ചതും കേസിന്‍റെ ഗതി മാറിയതിന് തെളിവാണ്. മാത്രമല്ല ഡിവൈഎസ്പിയും, സിഐയും തൽസ്ഥാനത്ത് തുടരുന്നതും ദുരൂഹമാണ്. പ്രതി ചേർക്കപ്പെട്ട രണ്ടും മൂന്നും പ്രതികൾ സുരക്ഷിതരുമാണ്. ഇവർ മർദനത്തിൽ നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞതുമാണ്.സംഭവ ദിവസം ഡ്യുട്ടിയിലുണ്ടായിരുന്നവർ പരസ്പര വിരുദ്ധ മൊഴികൾ നൽകിയിട്ടും ഇവർക്കെതിരെ നടപടികളില്ല. പീരുമേട് ജയിലിലും നെടുംങ്കണ്ടം പോലീസ് സ്റ്റേഷനിലും മൂന്നാം മുറയും കുപ്രസിദ്ധ പീഡനമുറയായ ഉരുട്ടിക്കൊലയും നടന്നെന്ന് തെളിഞ്ഞിട്ടും നടപടിയില്ലാത്തത് ഭരണകക്ഷി പിന്തുണയും സർക്കാർ നിലപാടുമാണ് വെളിപ്പെടുത്തുന്നത്. അതേസമയം കുമാർ ബിനാമിയായി സമാഹരിച്ച കോടികളുടെ നിക്ഷേപം എവിടെയെന്നൊ ആരുടെ പക്കലെന്നൊ ഇപ്പോഴും അജ്ഞാതമാണ്.

എസ്.പിക്കെതിരെ കുടുതൽ മൊഴി നൽകിയ എസ്.ഐ. സാബുവിനെയും ഡ്രൈവർ സജീവ് ആൻറണിയെയും കൂടുതൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടുനൽകാൻ ദേവികുളം കോടതിയിൽ അപേക്ഷ നൽകി. മറ്റ് പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നത് മുൻകൂർ ജാമ്യത്തിനായി സമയം നൽകുന്നെന്ന ആക്ഷേപം ശക്തമാണ്.