‘എന്‍റെ ചെരുപ്പ് വെള്ളത്തില്‍ ഒഴുകിപ്പോയി’: പ്രതിപക്ഷ നേതാവിനോട് കുരുന്നിന്‍റെ സങ്കടം; പിന്നീട് നടന്നത് | VIDEO

Jaihind Webdesk
Thursday, August 4, 2022

കൊച്ചി: മഴക്കെടുതിയെ തുടർന്ന് പരവൂർ താലൂക്കിലെ എളന്തിക്കര സ്കൂളില്‍ ക്യാമ്പിൽ കഴിയുന്ന ആളുകളെ സന്ദർശിക്കാൻ എത്തിയതായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആളുകളോടെല്ലാം കാര്യങ്ങൾ തിരക്കി വേണ്ട സൗകര്യങ്ങൾ ഒരുക്കുമ്പോൾ അമ്മയുടെ ഒക്കത്തിരുന്ന  ഒരു കൊച്ചു മിടുക്കന്‍റെ സങ്കടം. അടുത്തെത്തിയ കുട്ടിയോട് അദ്ദേഹം പേര് ചോദിച്ചു ജയപ്രസാദ് എന്ന് അവന്‍റെ മറുപടി.

സങ്കടപ്പെട്ടതിന്‍റെ കാര്യം തിരക്കിയപ്പോള്‍ തന്‍റെ ചെരുപ്പ് വെള്ളത്തിൽ ഒഴുകിപ്പോയെന്ന് സങ്കടത്തോടെ മറുപടി. ‘കരയണ്ട നമുക്ക് പരിഹാരം ഉണ്ടാക്കാം’ എന്ന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി. ഒരു ചെരുപ്പ് വാങ്ങിക്കൊടുക്കാൻ കൂടെയുള്ളവരോട് പറഞ്ഞപ്പോൾ അവന് ബെൽറ്റുള്ള ചെരുപ്പ് വേണമെന്നായി. കുട്ടിയുടെ സങ്കടം കണ്ടപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല. തിരക്കുകള്‍ മാറ്റിവെച്ച് ജയപ്രസാദിനെ ഒപ്പം കൂട്ടി നേരെ ചെരുപ്പ് കടയിലേക്ക്.

ജയപ്രസാദിനോട് കൂട്ടുകൂടി കുറെ സമയം കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് ചിലവഴിച്ചു. അവനോട് വർത്തമാനം പറഞ്ഞും വിശേഷങ്ങള്‍ തിരക്കിയും മഴയത്ത് ഒരു ചായകുടി. ഇഷ്ടമനുസരിച്ചുള്ള ചെരുപ്പും വാങ്ങി ജയപ്രസാദിനെ തിരിച്ച് കൊണ്ട് വിട്ടു. ജയപ്രസാദിന്‍റെ മുഖത്തെ സന്തോഷം ചുറ്റുമുള്ളവരിലും മാതാപിതാക്കളിലും പ്രതിഫലിച്ചതോടെ മഴയുടെ താണ്ഡവത്തിനിടെയും ഓര്‍ത്തുവെക്കുന്ന നല്ല ചില മുഹൂർത്തങ്ങള്‍ക്കാണ് ഏവരും സാക്ഷ്യം വഹിച്ചത്.