‘വൈദികന്‍റേത് വികൃത മനസ്; വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല, കലാപം’; അധിക്ഷേപിച്ച് എം.വി ഗോവിന്ദന്‍

Jaihind Webdesk
Friday, December 2, 2022

 

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല കലാപമാണ്. മന്ത്രിക്കെതിരായ പരാമർശം നാക്കുപിഴയല്ലെന്നും വൈദികന്‍റേത് വികൃതമായ മനസാണെന്നും എം.വി ഗോവിന്ദന്‍ തുറന്നടിച്ചു.

ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനെതിരെ വർഗീയ പരാമർശം നടത്തിയ തുറമുഖ വിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെ രൂക്ഷമായ ഭാഷയിലാണ് എം.വി.ഗോവിന്ദൻ വിമർശിച്ചത്.

“പുരോഹിതന്‍റേത് നാക്കുപിഴയല്ല. വർഗീയ മനസുള്ള ആൾക്കേ അത്തരം പദപ്രയോഗം നടത്താൻ കഴിയൂ. വികൃതമായ മനസാണ് പുരോഹിതൻ പ്രകടിപ്പിച്ചത്” – എം.വി ഗോവിന്ദന്‍ പറഞ്ഞു. സമരം തീർന്നാലും തീർന്നില്ലെങ്കിലും പദ്ധതി പൂർത്തിയാക്കും. കലാപത്തിന് പിന്നിൽ വർഗീയ തീവ്രവാദ ശക്തികളുണ്ട്. അവർക്കൊന്നും വഴങ്ങി പദ്ധതി അവസാനിപ്പിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

അക്രമത്തിന് ആരാണോ ഉത്തരവാദി അവർക്കെതിരെ കേസുണ്ടാകും. പ്രതികളെ അറസ്റ്റു ചെയ്യും. കേന്ദ്രസേന വരുന്നതുകൊണ്ട് സർക്കാരിനു പ്രശ്നമില്ലെന്നും ക്രമസമാധാനം കേരള പൊലീസ് കൈകാര്യം ചെയ്യുമെന്നും എം.വി ഗോവിന്ദൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.