തൃശൂർ: പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തും. ഇവർക്കെതിരെയുള്ള വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ സമർപ്പിക്കുമെന്നാണ് സൂചന.
അഡീഷണൽ എക്സൈസ് കമ്മീഷണറാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്. 5 ഉദ്യോഗസ്ഥർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. ഇതിൽ മൂന്ന് പേരാണ് മർദനത്തിന് പ്രധാനമായും നേതൃത്വം നൽകിയത് എന്നാണ് വിവരം. ഇവർക്കെതിരെയാകും കൊലക്കുറ്റം ചുമത്തുക. ഒരു ഉദ്യോഗസ്ഥൻ മർദനം തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അധികാര പരിധി മറികടന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത് എന്നും സൂചനയുണ്ട്.
തിരൂരിൽ നിന്ന് പിടിച്ച രഞ്ജിത് കുമാറിനെ ചാവക്കാട് ഒരു ഗോഡൗണിലെത്തിച്ച് മർദിച്ചതായും പോലീസിന് വിവരം ലഭിച്ചു. മർദനത്തെ തുടർന്ന് പ്രതി ബോധമറ്റ് വീണപ്പോൾ അഭിനയമാണെന്ന് തെറ്റിദ്ധരിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്. അപസ്മാര ലക്ഷണങ്ങളും കാണിച്ചു. അതിനാലാണ് യുവാവിന്‍റെ മുഖത്ത് വെള്ളം തളിച്ചതെന്നും പറയുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പാവറട്ടി പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന് ലഭിക്കുന്നതോടെ കൊലക്കുറ്റം ചുമത്തും. ഗുരുവായൂർ എ.സി.പി ബിജു ഭാസ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.