മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു; ലഹരിവില്‍പനയ്ക്ക് പെണ്‍കുട്ടികളും; തടയാന്‍ നടപടികള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍

Jaihind Webdesk
Tuesday, May 28, 2019

യുവതലമുറയെ ഇല്ലാതാക്കുന്ന മയക്കുമരുന്നിന്‍റെ ഉപയോഗം വർധിച്ചിട്ടും കുറ്റകൃത്യങ്ങൾ കൂടിയിട്ടും എക്സൈസിൽ 50 വർഷമായി തുടരുന്ന സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും നിലവിൽ ഉള്ളത്. ഈ അപര്യാപ്തത പ്രതികളെ പിടികൂടുന്നതിനെ കാര്യമായി ബാധിക്കുന്നുണ്ട്. ലഹരി വിൽപനക്കാർക്കിടയിൽ പെൺകുട്ടികളും ഉണ്ടന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ആലപ്പുഴ നഗരത്തിൽ മയക്കുമരുന്ന് കേസുകളുടെ എണ്ണം വർധിച്ചിട്ടും കുറ്റകൃത്യങ്ങൾ കൂടിയിട്ടും 1968 ലെ സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും നിലനിൽക്കുന്നത്. അന്ന് ജനസംഖ്യ ഒരു കോടി ഉള്ളപ്പോൾ 5,000 ജീവനക്കാരായിരുന്നു എക്സൈസിൽ ഉണ്ടായി രുന്നത്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ജനസംഖ്യയിൽ വർധനവ് വന്നിട്ടും ജീവനക്കാരുടെ എണ്ണം ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. അതുകൊണ്ട് തന്നെ ജീവനക്കാരുടെ അപര്യാപ്ത കേസിനെ ബാധിക്കുന്നുണ്ട്.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് ബോധവത്കരണത്തിനായി ജോയിന്‍റ് എക്സൈസ് എന്നൊരു പോസ്റ്റ് ഉണ്ടായിരുന്നു. അന്ന് ആലപ്പുഴയ്ക്കായിരുന്നു ഒന്നാം സ്ഥാനം. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ആ പോസ്റ്റ് പിൻവലിച്ചു. ഇപ്പോൾ ലഹരി ഉപയോഗം കൂടുതലായി കണ്ടുവരുന്നത് വിദ്യാർത്ഥികൾക്കിടയിലാണ്. സാധാരണയായി പാൻ മസാലയ്ക്ക് പുറമേ ലഹരി ഉപയോഗങ്ങൾക്ക് പുതിയ കണ്ടുപിടിത്തങ്ങൾ വിദ്യാർത്ഥികളാണ് രംഗത്തിറക്കുന്നത്. സ്കൂൾ, കോളേജ് ക്യാമ്പസുകളിൽ ലഹരിക്കുവേണ്ടി വിദ്യാർത്ഥികളാണ് പുത്തൻ പരീക്ഷണങ്ങളുമായി രംഗത്തെത്തുന്നത്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വ്യാപാരത്തിലെ വിൽപനക്കാരിലും ഹോൾസെയിൽ വിൽപനക്കാർക്കിടയിലും പെൺകുട്ടികളും ഉണ്ടെന്നുള്ളതാണ് ഏറ്റവും ഞെട്ടിക്കുന്ന വിവരം.