മുഖ്യമന്ത്രിയുടെ മകളുടെ വിവാഹവേദിയിൽ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ; റിയാസിനും വീണയ്ക്കും ഒപ്പം ഹാഷിം നിൽക്കുന്ന ചിത്രം പുറത്ത്; വിവാദം

Jaihind News Bureau
Monday, June 15, 2020

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെയും ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ മുഹമ്മദ് റിയാസിന്‍റെയും വിവാഹ ചടങ്ങില്‍ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ പങ്കെടുത്തതായി ആരോപണം. റിയാസിന്‍റെ ബന്ധു മുഹമ്മദ് ഹാഷിം ആണ് പരോൾ കാലയളവിൽ ക്ലിഫ് ഹൗസിൽ എത്തിയത്. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ആൾ ക്ലിഫ് ഹൗസിലെ വിവാഹവേദിയിൽ. റിയാസിന്‍റെ ബന്ധു മുഹമ്മദ് ഹാഷിം ആണ് ക്ലിഫ് ഹൗസിൽ എത്തിയത്. ആർഎസ്എസ് പ്രവർത്തകനെ കൊന്ന കേസിലെ ഒന്നാം പ്രതിയാണ് ഹാഷിം. റിയാസിനും വീണയ്ക്കും ഒപ്പം ഹാഷിം നിൽക്കുന്ന ചിത്രം പുറത്ത്.

ക്ലിഫ് ഹൗസിലെ സന്ദർശക മുറിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വീണയുടെയും റിയാസിന്‍റെയും ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കൊവിഡ് മാ‍ർഗനിർദ്ദേശങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകി.

മുഖ്യമന്ത്രി തന്നെയാണ് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയും കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഇന്‍റലിജൻസ് അടക്കമുള്ള സംവിധാനങ്ങൾ നിലവിലുള്ളപ്പോള്‍ പരോളില്‍ ഇറങ്ങിയ പ്രതി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തു എന്നത് ഗുരുതര സുരക്ഷാ വീഴ്ച്ചയാണെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിയുടെ മകൾ വീണയും ഡിവൈഎഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് നടന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് 50 ൽ താഴെ ആളുകൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഇത്രയും ചുരുക്കം ആളുകൾ പങ്കെടുത്ത ചടങ്ങിലാണ് കൊലക്കേസ് പ്രതിയായ മുഹമ്മദ് ഹാഷിമും ഉണ്ടായിരുന്നത്. മുഹമ്മദ് റിയാസിന്‍റെ അടുത്ത ബന്ധുകൂടിയാണ് ഇയാൾ.

1993 മാർച്ച് 10നായിരുന്നു ഹാഷിം പ്രതിയായ കൊലപാതകം നടന്നത്. ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്കു വരികയായിരുന്ന സുരേഷ്ബാബുവിനെ ബസിൽനിന്ന് താഴെ ഇറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് മുഹമ്മദ് ഹാഷിമിനെതിരായ കേസ്. സംഭവത്തിൽ 21 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു.തുടർന്ന് 24 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ മുഹമ്മദ് ഹാഷിം കുറിക്കാരനാണെന്ന് സുപ്രീം കോടതി വിധിക്കുകയും 2017 മാർച്ച് 30ന് 7 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു.