യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ വധശ്രമം: ഒരാള്‍ കൂടി അറസ്റ്റില്‍; യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്നതായി ആരോപണം

ആലപ്പുഴ ഭരണിക്കാവ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിനെതിരായ വധശ്രമക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കറ്റാനം സ്വദേശി കണ്ണനാണ് അറസ്റ്റിലായത്. ഇന്നലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. യഥാര്‍ത്ഥ കുറ്റവാളികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ഭരണിക്കാവ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു.

ഇന്നലെ അറസ്റ്റിലായ കറ്റാനം സ്വദേശി സതീഷിന്‍റെ സുഹൃത്ത് കണ്ണനാണ് അറസ്റ്റിലായത്. സി.പി.എം ഏരിയ കമ്മിറ്റി അംഗ എ.എം ഹാഷിറിന്‍റെ സഹോദരൻ ഹാഷിം ഇന്നലെ അറസ്റ്റിലായിരുന്നു. ഇതോടെ പ്രതികളുടെ എണ്ണം മൂന്നായി. അതേസമയം യഥാർത്ഥ കുറ്റവാളികളെ പൊലീസ് സംരക്ഷിക്കുകയാണെന്നാണ് ഭരണിക്കാവിലെ കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്. സുഹൈലിനെ വെട്ടിപ്പരിക്കേൽപ്പിച്ചത് സതീഷ് ആണെന്നും പ്രതികളെ സംരക്ഷിച്ചതും ആക്രമണത്തിന് ആസൂത്രണം നൽകിയതും ഹാഷിം ആണെന്നാണ് പോലീസ് നിഗമനം. ഇന്നലെ പോലീസ് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വലിയ വെട്ടുകത്തി ഉപയോഗിച്ചാണ് സുഹൈലിനെ ആക്രമിച്ചത്. കട്ടച്ചിറയിലെ ഒഴിഞ്ഞ സ്ഥലത്ത് നിന്നും സതീഷിന്‍റെ സാന്നിധ്യത്തിൽ ആയുധം കണ്ടെത്തി. പ്രതികൾ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഇക്ബാലിനൊപ്പം ചൊവ്വാഴ്ച രാത്രി ബൈക്കിൽ സഞ്ചരിക്കവേയാണ് അക്രമം ഉണ്ടായത്. ഇക്ബാലിനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടെ സുഹൈലിന്‍റെ കഴുത്തിന് വെട്ടേല്‍ക്കുകയായിരുന്നു. സംഭവ ദിവസം മൊഴി എടുക്കാൻ പോലീസ് ഉത്തരവാദിത്വം കാണിച്ചില്ലെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഇക്ബാൽ പറഞ്ഞു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൈലിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. യഥാർത്ഥ പ്രതികളെ പിടികൂടും വരെ ശക്തമായ പ്രതിഷേധം തീർക്കാൻ ഒരുങ്ങുകയാണ് ഭരണിക്കാവിലെ കോൺഗ്രസ് നേതൃത്വം.

Comments (0)
Add Comment