ആവേശമായി കെ മുരളീധരന്‍ എം പി ദുബായിലെത്തി : ഉജ്ജ്വല സ്വീകരണം; കോഴിക്കോട് ഫ്രണ്ട്‌സ് ആഘോഷത്തില്‍ മുഖ്യാതിഥി

Jaihind News Bureau
Thursday, September 19, 2019

ദുബായ് : യുഎഇയിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോട് ഫ്രണ്ട്‌സ് സംഘടിപ്പിക്കുന്ന ഈദ്-ഓണം ആഘോഷം നാളെ ( വെള്ളി ) ദുബായില്‍ നടക്കും. വടകര ലോകസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍ ആഘോഷം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഡി സി സി പ്രസിഡണ്ട് അഡ്വ. ടി സിദിഖ് , അഡ്വ പ്രവീണ്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. കരാമ ഊദ് മേത്തയിലെ ജോര്‍ദാനിയന്‍  സോഷ്യല്‍ ക്‌ളബിലാണ് പരിപാടി.

കോണ്‍ഗ്രസ് നേതാവും ബേപ്പൂര്‍ മുന്‍ എം എല്‍ എയുമായിരുന്ന അന്തരിച്ച എന്‍ പി മൊയ്തീന്റെ പേരിലുള്ള പ്രഥമ മാധ്യമ-സാമൂഹ്യ-ബിസിനസ് അവാര്‍ഡും ചടങ്ങില്‍ കെ മുരളീധരന്‍ എം പി സമ്മാനിക്കും. വിവിധ കലാപരിപാടികളും ഇതോടൊപ്പം നടക്കും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മുരളീധരനെ,  ഇന്‍കാസ് നേതാക്കളായ എന്‍ പി രാമചന്ദ്രന്‍, ജി മോഹന്‍ദാസ്, അഡ്വക്കേറ്റ് ടി കെ ഹാഷിക്, ഫൈസല്‍ കണ്ണോത്ത്, ടി എ രവീന്ദ്രന്‍, ഇക്ബാല്‍ ചെക്യാട്, ദുബായ് കെ എം സി സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വടകരയില്‍ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ദുബായിലെത്തുന്നത്. ശനിയാഴ്ച അദേഹം കേരളത്തിലേക്ക് മടങ്ങും.