മുംബൈയില്‍ കനത്ത മഴ; താറുമാറായി പൊതുഗതാഗതം

Jaihind Webdesk
Tuesday, July 9, 2019

മുംബൈയിൽ വീണ്ടും കനത്ത മഴ. പ്രതികൂല കാലാവസ്ഥ മൂലം മുംബൈ വിമാനത്താവളത്തിന്‍റെ പ്രവർത്തനം തടസപ്പെട്ടതായി അധികൃതർ അറിയിച്ചു. വെളിച്ചത്തിന്‍റെ കുറവ് മൂലം റൺവേയിൽ വിമാനങ്ങൾ ഇറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടർന്ന് മുംബൈയിൽ ഇറങ്ങേണ്ട മൂന്ന് വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴമൂലം വാഹന ഗതാഗതവും തടസപ്പെട്ടു. വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്നാണ് കാലാസ്ഥാ കേന്ദ്രം നൽകുന്ന വിവരം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പെയ്ത ശക്തമായ മഴയുടെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല നഗരം. 40 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മീന്‍പിടിത്തക്കാര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.