ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടാത്തത് പ്രതിഷേധാര്‍ഹം: മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊവിഡ് 19 രോഗ വ്യാപനത്തിന്‍റെ തുടക്കം മുതല്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായി ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും പൂര്‍ണമായും പൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനെ പരിഹാസപൂര്‍വം നിരാകരിച്ച മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാസര്‍ഗോഡ് ജില്ല ഒഴികെ മറ്റു കൊവിഡ് ബാധിത ജില്ലകളില്‍ മദ്യശാലകള്‍ ഭാഗികമായി അടയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സമൂഹവ്യാപനത്തിനെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ട ഈ സമയത്ത് ഇവ തുറന്ന് പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ പ്രത്യാഘാതത്തിന് വഴിവെക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗം പടരുന്ന കോഴിക്കോട് ജില്ലയിലെ വടകരയില്‍ ഒരു ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യം വാങ്ങാനായി തടിച്ചു കൂടിയത് അഞ്ഞൂറിലധികം പേരാണ്. മിക്ക മദ്യശാലകളിലും സ്ഥിതി ഇതാണ്. മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് മാനദണ്ഡം നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ നടപടി വിരോധാഭാസമാണ്. സാധാരണക്കാരും പട്ടിണി പാവങ്ങളുമാണ് മദ്യം വാങ്ങാനായി ബിവറേജസ് ഔട്ട് ലെറ്റിന് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. ഇവരെ മരണത്തിന് വലിച്ചെറിഞ്ഞ് ഖജനാവിലേക്ക് പണം സമാഹരിക്കാനുള്ള സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല.

മദ്യശാലകള്‍ അടിയന്തരമായി പൂട്ടാനാവശ്യമായ നടപടി സര്‍ക്കാര്‍ എത്രയും വേഗം സ്വീകരിക്കണം. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പള്ളിയില്‍ കുര്‍ബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്ത സര്‍ക്കാരാണ് ഈ വിഷയത്തില്‍ അലംഭാവവും വീഴ്ചയും കാട്ടുന്നത്. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്‍റെയും പ്രതിപക്ഷത്തിന്‍റെയും മുന്നറിയിപ്പ് അവഗണിച്ച് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Comments (0)
Add Comment